പേരൂര്‍ക്കടയില്‍ കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. അമ്പലമുക്ക് മണ്ണടി ലെയ്ന്‍ ഹൗസ് നമ്പര്‍ 11 ദ്വാരകയില്‍ ദീപ അശോകിന്റെ മരണവുമായി ബന്ധപ്പെട്ടാണ് മകന്‍ അക്ഷയ് അറസ്റ്റിലായത്. 

അമ്മയ്ക്ക് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 21 കാരനായ മകന്‍ അക്ഷയ് കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം കത്തിക്കുകയായിരുന്നു. എന്‍ജിനീയറിംഗ് സെമസ്റ്റര്‍ ഫീസ് അമ്മയില്‍ നിന്ന് ലഭിക്കാത്തതും അമ്മയും മകനും തമ്മില്‍ അകല്‍ച്ചയ്ക്കിടയാക്കി. 

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനും 10 മണിക്കുമിടയിലാണ് സംഭവമെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരത്തെ എല്‍.ഐ.സി ഏജന്റാണ് മരിച്ച ദീപ. ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞ ആറു വര്‍ഷമായി കുവൈത്തിലാണ്. കഴിഞ്ഞ ജനുവരിയിലാണ് ഏറ്റവും ഒടുവില്‍ വീട്ടിലെത്തിയത്. 

ദീപയും മകന്‍ അക്ഷയും മാത്രമാണ് മണ്ണടിയിലെ വീട്ടില്‍ താമസിച്ചിരുന്നത്. മൃതദേഹത്തില്‍ കാലുകളുടെയും മുട്ടിനു താഴെ പാദം വരെയുള്ള ഭാഗത്തെ എല്ലും മാത്രമാണ് ഉണ്ടായിരുന്നത്. പൂര്‍ണമായി കത്തിക്കരിഞ്ഞതിനാല്‍ ശാസ്ത്രീയമായ പരിശോധന വേണ്ടിവരും. 

ദീപയെ തിങ്കളാഴ്ച ഉച്ച മുതലാണ് കാണാതായത്. വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്ന് നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത് അക്ഷയ് തന്നെയാണ്. അടുത്ത് അഞ്ചു വീടുകളുണ്ടെങ്കിലും മൃതദേഹം കരിഞ്ഞതിന്റെ മണമോ ബഹളമോ കേട്ടിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

വിദേശത്തായിരുന്ന ഭര്‍ത്താവ് അശോകനും മകനും സംഭവമറിഞ്ഞ് നാട്ടിലെത്തി. ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതി മകന്‍ അക്ഷയ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചത്.