കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സി.പി.എം. പ്രവര്‍ത്തകരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. കല്യോട്ട് ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് (38), കല്യോട്ടെ സുരേന്ദ്രന്‍(വിഷ്ണു സുര-47), കല്യോട്ടെ ശാസ്താ മധു (40), ഏച്ചിലടുക്കത്തെ റെജി വര്‍ഗീസ് (44), ഹരിപ്രസാദ് ഏച്ചിലടുക്കം (31) എന്നിവരെയാണ് ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. അഞ്ചുപേരും കൊലനടത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും കൊലനടത്തിയവര്‍ക്ക് സഹായം ചെയ്‌തെന്നും വ്യക്തമായതായി ഡിവൈ.എസ്.പി. പറഞ്ഞു.

ഒരു വര്‍ഷംമുന്‍പ് കേസ് സി.ബി.ഐ. ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണിത്. നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പ്രതികളുടെ എണ്ണം 19 ആയി. അഞ്ചു പ്രതികളെയും വെള്ളിയാഴ്ച എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കും.

2019 ഫെബ്രുവരി 17-നാണ് ഇരട്ടക്കൊല നടന്നത്. അന്ന് സി.പി.എമ്മിന്റെ ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള പാര്‍ട്ടി അംഗമായിരുന്നു രാജേഷ്. ഈ ഓഫീസില്‍ ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കൊല നടക്കുന്നതിന് തൊട്ടുമുന്‍പ് ഒന്നാം പ്രതി എ. പീതാംബരന്റെ ഫോണിലേക്ക് വന്ന വിളി സുരേന്ദ്രന്റേതായിരുന്നു. പ്രതികളെത്തിയ വാഹനം നിര്‍ത്തിയിട്ടത് ശാസ്താ മധുവിന്റെ വീട്ടിലാണ്.

മധുവിനും ഹരിപ്രസാദിനും കൊല നടത്തുന്നത് നേരത്തേ അറിയാമെന്ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത പ്രതികളിലൊരാളായ മുരളിയുടെ മൊഴിയിലുണ്ടായിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വാഹനമെത്തിച്ചത് ഹരിപ്രസാദാണെന്നും എന്നാല്‍, ഈ വാഹനത്തിലല്ല പ്രതികള്‍ രക്ഷപ്പെട്ടതെന്നും വ്യക്തമായതായി സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ക്ക് ഇരുമ്പുപൈപ്പ് നല്‍കിയെന്നാണ് ഗൂഢാലോചനയ്ക്കുപുറമേ, റെജി വര്‍ഗീസിന്റെ പേരിലുള്ള കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 302, 120 (ബി), 118 വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

ഈമാസം നാലിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സി.ബി.ഐ.ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.കുഞ്ഞിരാമനെയും പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയും ബുധനാഴ്ച സി.ബി. ഐ. ഉദ്യോഗസ്ഥര്‍ വീണ്ടും വിളിച്ചുവരുത്തി ചില വിവരങ്ങള്‍ ആരാഞ്ഞു.

2019 ഫെബ്രുവരി 17-നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സി.പി.എം. ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി കേസ് സി.ബി.ഐ.യ്ക്ക് വിടുകയായിരുന്നു. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.

പെരിയ കല്ല്യോട്ടെ ഇരട്ടക്കൊല- നാള്‍വഴികളിലൂടെ... 

2019 ഫെബ്രുവരി 17: രാത്രി 7.36 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടു
2019 ഫെബ്രുവരി 19: സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനെ അറസ്റ്റ് ചെയ്തു
2019 ഫെബ്രുവരി 20: സി.പി.എം. പ്രവര്‍ത്തകന്‍ സജി സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു
2019 ഫെബ്രുവരി 21: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
2019 മേയ് 14: സി.പി.എം. ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റില്‍
2019 മേയ് 20: ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
2019 ജൂലായ് 17: കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി
2019 സെപ്റ്റംബര്‍ 30: ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടു
2019 ഒക്ടോബര്‍ 24: സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു
2019 ഒക്ടോബര്‍ 26: അന്വേഷണം സി.ബി.ഐ.ക്ക് വിട്ടതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി
2019 ഒക്ടോബര്‍ 29: സി.ബി.ഐ.ക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം
2020 ജനുവരി 8: പത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
2020 ഓഗസ്റ്റ് 25: ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു
2020 സെപ്റ്റംബര്‍ 12: ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും സുപ്രീംകോടതിയെ സമീപിച്ചു
2020 ഡിസംബര്‍ ഒന്ന്: സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി. സി.ബി.ഐ. അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു. 

Content Highlights: periya double murder case five cpm workers arrested by cbi