മുംബൈ: ഇടയ്ക്കിടെ ഓക്‌സിജന്‍ മാസ്‌ക് നീക്കം ചെയ്യരുതെന്ന് പറഞ്ഞതിന് ഡോക്ടറെ സലൈന്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് രോഗി മര്‍ദിച്ചു. അലിബാഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 
മധ്യവയസ്‌കയാണ് ഡോക്ടറെ മര്‍ദിച്ചത്. ബുധനാഴ്ച അലിബാഗിലെ സിവില്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലാണ് സംഭവമുണ്ടായത്. സലൈന്‍ സ്റ്റാന്‍ഡ് കൊണ്ടുള്ള അടിയില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ സ്വപ്‌നദീപ് തലെ ചികില്‍സയിലാണ്. 

നാലു ദിവസങ്ങള്‍ക്ക് മുന്‍പാണ് മധ്യവയസ്‌കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സ്ഥിരം റൗണ്ടിനെത്തിയ ഡോക്ടര്‍ ഓക്‌സിജന്‍ മാസ്‌ക് ഇടയ്ക്കിടെ മാറ്റുന്നത് വിലക്കി. എന്നാല്‍ ഡോക്ടറുടെ താക്കീതില്‍ കലി പൂണ്ട മധ്യവയസ്‌ക ഡോക്ടറെ പിന്നില്‍ നിന്നും സലൈന്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഡോക്ടര്‍ അതേ ആശുപത്രിയില്‍ ചികില്‍സയിലാണ്. മധ്യവയസ്‌കയ്ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Content Highlights:patient beats doctor with saline stand