പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന തറയിൽ ഫിനാൻസ് ഉടമ സജി സാം പോലീസിൽ കീഴടങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് സജി സാം പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിൽ എത്തി കീഴടങ്ങിയത്. എല്ലാവരുടെയും പണം തിരിച്ചുനൽകുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട തറയിൽ ഫിനാൻസ് ഉടമയായ സജി സാം നിക്ഷേപകരിൽനിന്ന് ഏകദേശം 50 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞദിവസങ്ങളിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ നിക്ഷേപകരാണ് പരാതി നൽകിയത്. പരാതികൾ ഉയർന്നതോടെ സജി സാം കുടുംബവുമായി ഒളിവിൽപോവുകയായിരുന്നു. സജിസാമിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസടക്കം പുറപ്പെടുവിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പോലീസിൽ കീഴടങ്ങിയിരിക്കുന്നത്.

അടൂരിലും 18 കേസുകൾ

തറയിൽ ഫിനാൻസിനെതിരേ അടൂർ സ്റ്റേഷനിൽ ഇതുവരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. ലഭിച്ച പരാതികൾ പ്രകാരം രണ്ടുകോടി രൂപ നിക്ഷേപകർക്ക് ലഭിക്കാനുള്ളതായി അടൂർ സി.ഐ. ബി.സുനുകുമാർ പറഞ്ഞു.

ഓമല്ലൂരിൽ പ്രധാനകേന്ദ്രമായി പ്രവർത്തിച്ചിരുന്ന തറയിൽ ഫിനാൻസിന് അടൂർ കെ.എസ്.ആർ.ടി.സി.ജങ്ഷനു സമീപവും ശാഖയുണ്ടായിരുന്നു. ഇവിടെ പണം നിക്ഷേപിച്ചവരാണ് പരാതിക്കാരിൽ ഏറെയും. കഴിഞ്ഞദിവസം അടൂർ സി.ഐ.യുടെ നേതൃത്വത്തിൽ അടൂരിലെ ശാഖയിൽ തെളിവ് ശേഖരണം നടത്തി.

സ്ഥാപനത്തിലെ ജീവനക്കാരെ വിളിച്ചു വരുത്തിയാണ് ശാഖ തുറന്നത്. രണ്ടര മണിക്കൂറുകളോളം പരിശോധന നീണ്ടു നിന്നു. എസ്.ഐ.മാരായ സുരേന്ദ്രൻ പിള്ള, ബിജു ജേക്കബ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ റഷീദ, ജലജ എന്നിവർ പരിശോധനയിൽ പങ്കെടുത്തു