പത്തനംതിട്ട: തറയിൽ ഫിനാൻസിൽ പണം നിക്ഷേപിച്ചവർക്ക് നൽകിയത് ഷെയർ ഹോൾഡർ സർട്ടിഫിക്കറ്റെന്ന് സംശയം. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണെന്ന് പത്തനംതിട്ട സി.െഎ. കെ.വി. ബിനീഷ് ലാൽ പറഞ്ഞു. സ്ഥിരം നിക്ഷേപിക്കുന്നവർക്ക് നൽകിയ രസീതിലാണ് പോലീസിന് ഇതുസംബന്ധിച്ച് സംശയം ഉണ്ടായിരിക്കുന്നത്.

സ്ഥിര നിക്ഷേപകർക്ക് നൽകിയത് ഷെയർ ഹോൾഡർക്ക് കൊടുക്കുന്ന ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് (എൽ.എൽ.പി.) സർട്ടിഫിക്കറ്റാണെങ്കിൽ സ്ഥാപനത്തിന് ലാഭമോ നഷ്ടമോ സംഭവിച്ചാൽ ഷെയർ ഹോൾഡർമാർ സഹിക്കേണ്ടിവരും. പോപ്പുലർ ഫിനാൻസിൽ ഈ രീതിയിലുള്ള തട്ടിപ്പായിരുന്നു നടന്നത്.

ഇതിനിടെ, ഉടമ സജി സാം തന്റെ വസ്തുവകകൾ വിൽക്കാൻ ശ്രമം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചു. പോപ്പുലർ ഉടമകൾ ചെയ്തപോലെ പാപ്പരായി പ്രഖ്യാപിക്കാനായി കോടതിയെ സമീപിക്കുമെന്നാണ് നിക്ഷേപകർ സംശയിക്കുന്നത്. അതിനിടെ ഞായറാഴ്ച അഞ്ച് നിക്ഷേപകരുടെ പരാതികൾകൂടി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ലഭിച്ചു. ഇതുവരെ രജിസ്റ്റർ ചെയ്ത 18 പരാതികളിലെ ആകെ തുക 50 കോടിക്ക് അടുത്തുണ്ട്. കുടുംബവുമായി മുങ്ങിയ സജി സാമിനെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. എല്ലാ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഓമല്ലൂർ ഓഫീസുകൾ പോലീസ് സീൽ ചെയ്തു

പത്തനംതിട്ട പോലീസിന്റെ നേതൃത്വത്തിൽ ഞായറാഴ്ച പത്തനംതിട്ടയിലെയും, ഓമല്ലൂരിലെയും ഓഫീസുകളിൽ പോലീസ് റെയ്‌ഡ് നടത്തി. രണ്ടിടത്തും രാവിലെ പതിനൊന്നിന് തുടങ്ങിയ പരിശോധന വൈകീട്ട് നാലിനാണ് അവസാനിച്ചത്. ഇവിടങ്ങളിലുണ്ടായിരുന്ന ഡെപ്പോസിറ്റ് രജിസ്റ്ററും നിക്ഷേപകരുടെ പാസ് ബുക്കുകളും കംപ്യൂട്ടറുകളും പരിശോധനയ്ക്കായി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ചു. രണ്ട് ഓഫീസുകളും പോലീസ് സീൽ ചെയ്തു. പത്തനംതിട്ട സി.െഎ. കെ.വി. ബിനീഷ് ലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സജി സാമിന്റെ ഭാര്യയുടെ ഉടമസ്ഥതയിൽ ഓമല്ലൂരിൽ പെട്രോൾ പമ്പുണ്ട്. ഇതിന്റെ മാനേജർ സുദീപ് കുമാർ വർമ്മ പോലീസ് സംരക്ഷണം തേടി ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിക്ക് പരാതി നൽകി. കഴിഞ്ഞയാഴ്ച സജി സാം പെട്രോൾ പമ്പിലെത്തി ഒന്നര ലക്ഷം രൂപ വാങ്ങിയിരുന്നതായി മാനേജർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ധനം വിറ്റുകിട്ടിയ തുകയായിരുന്നു ഇത്.