പത്തനംതിട്ട/സീതത്തോട്: വനപാലകർ ചോദ്യംചെയ്യാൻ കൊണ്ടുപോയ ഫാം ഉടമ പടിഞ്ഞാറെ ചരുവിൽ മത്തായിയെ (പൊന്നു-41) കിണറ്റിൽ മരിച്ചനിലയിൽ കണ്ടതിൽ വിട്ടൊഴിയാത്ത ദുരൂഹത. കൊലപാതകമാണെന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിൽക്കുകയാണ്. കൈക്കൂലിക്കാണെങ്കിൽ അത് നൽകുമായിരുന്നെന്നും സത്യം പുറത്തുവരാൻ ഏതറ്റംവരെയും പോകുമെന്നും മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു. മത്തായിയെ വിട്ടയയ്ക്കാൻ ഇടനിലക്കാർവഴി 75,000രൂപ ആവശ്യപ്പെട്ടിരുന്നെന്നാണ് ഷീബയുടെ ആരോപണം.

അരീക്കക്കാവിലെ വീട്ടിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് മത്തായിയെ വനപാലകർ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. മത്തായിയുടെപേരിൽ വനംവകുപ്പിന്റെ കേസൊന്നുമില്ല.

കുടപ്പനയിൽ വന്യമൃഗസാന്നിധ്യം അറിയുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി തകർത്തെന്നും ഫാമിലെ മാലിന്യം വനത്തിൽ തള്ളുന്നെന്നും ആരോപിച്ചായിരുന്നു നടപടി. രണ്ടുമണിക്കൂറിനുശേഷം ഏഴുകിലോമീറ്റർ ദൂരെയുള്ള കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിനുള്ളിൽ മത്തായി മരിച്ചുകിടക്കുന്നതാണ് കണ്ടത്.

മത്തായി കിണറ്റിൽ വീണതുസംബന്ധിച്ച് ദുരൂഹതയകറ്റുന്ന വിശദീകരണം നൽകാൻ വനപാലകർക്കായിട്ടില്ല. കിണറ്റിൽ ചാടിയതാണെന്നും രക്ഷപ്പെടുത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. കുടപ്പനയിലെ മത്തായിയുടെ കുടുംബവീടുൾപ്പെടുന്ന സ്ഥലം ആളൊഴിഞ്ഞ പ്രദേശമാണ്. ഈ വീടിനുമുൻപിൽ വനപാലകരുമായുണ്ടായ പിടിവലിയിൽ മത്തായി കിണറ്റിൽ വീണതാകാമെന്ന് സംശയിക്കുന്നവരുണ്ട്; രക്ഷപ്പെടുത്താൻ വനപാലകർ കാര്യമായി ശ്രമിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നും.

വനപാലകസംഘത്തിൽ ഒരു വനിതയുൾപ്പെടെ ഏഴുപേരുണ്ടായിരുന്നു. ഇവരുടെ വാഹനവുമുണ്ടായിരുന്നു. ഏറെസമയത്തിനുശേഷം വീട്ടുടമ കിണറ്റിൽവീണെന്നനിലയിൽ വനപാലകർ വിവരം പുറത്തറിയിക്കുകയായിരുന്നു. സമീപവാസികൾ കൂടിയപ്പോഴേക്കും വനപാലകർ വണ്ടിയുപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയാണുണ്ടായതെന്നും പറയുന്നു.

അസ്വാഭാവികമരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.എസ്.പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല. ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച കുടപ്പനയിലെത്തി പരിശോധന നടത്തി. വിരലടയാളവിദഗ്ധരും എത്തിയിരുന്നു.

വനംവകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇദ്ദേഹം ബുധനാഴ്ച റാന്നിയിലെത്തിയിരുന്നു. രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകും. സംഭവത്തിൽ ഉൾപ്പെട്ട വനപാലകരോട് ജോലിയിൽനിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആർക്കുമെതിരേ നടപടിയൊന്നും ഉണ്ടായിട്ടില്ല. വനപാലകരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമികനിഗമനമെന്ന് റാന്നി ഡി.എഫ്.ഒ. എം.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

മത്തായിയുടെ മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.

Content Highlights:pathanamthitta seethathode farm owner mathayi death allegations against forest dept