സീതത്തോട് (പത്തനംതിട്ട): കുടപ്പനയിലെ ഫാം ഉടമ പി.പി.മത്തായി വനപാലകരുടെ കസ്റ്റഡിയിൽ മരണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം പുതിയ തലത്തിലേക്ക്. മത്തായിയുടെ ജഡം കണ്ടെത്തിയ കുടപ്പനയിലെ വീട്ടിലെ കിണറ്റിൽ ബുധനാഴ്ച പോലീസ് ഡമ്മി പരീക്ഷണം നടത്തി.

മരണം സംബന്ധിച്ച് ഇനിയും ദുരൂഹതകൾ നിലനിൽക്കുന്നതിനിടെയാണ് കൂടുതൽ ശാസ്ത്രീയ അന്വേഷണ നടപടികൾ. അബദ്ധത്തിൽ വീണതാണോ ചാടിയതാണോ എന്നതിൽ കൂടുതൽ വ്യക്തതയാണ് പോലീസ് തേടുന്നത്.

ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. ബുധനാഴ്ച കുടപ്പനയിലെ വീടും പരിസരവും സീൽചെയ്ത് പൊതുജനങ്ങളെയും മാധ്യമങ്ങളെയും പ്രവേശിപ്പിക്കാതെയായിരുന്നു ഡമ്മിപരീക്ഷണം.

രാവിലെ 11.30-ഓടെ ആരംഭിച്ച നടപടികൾ രണ്ടു മണിക്കൂറിലേറെ നീണ്ടു. ഫൊറൻസിക് വിദഗ്ധരും പങ്കെടുത്തു. രണ്ട് ഡമ്മികൾ ഉപയോഗിച്ചു. സംഭവം ദിവസം കിണറ്റിൽ ഉണ്ടായിരുന്ന അളവിൽ ജലം ക്രമീകരിച്ചായിരുന്നു നടപടികൾ. ഡമ്മി ഉപയോഗിച്ച് വിവിധ തലങ്ങളിൽ പോലീസ് പരീക്ഷണം നടത്തി. മരിച്ച മത്തായിയുടെ തൂക്കവും അളവുകളുമുള്ള ഡമ്മിയാണ് ഉപയോഗിച്ചത്.

മത്തായി കിണറ്റിൽ ചാടിയതാണെന്ന നിലപാടിലാണ് വനം വകുപ്പ് തുടക്കംമുതൽ. അതേസമയം ഇയാളെ വനപാലകർ അപായപ്പെടുത്തിയതാണെന്ന ആരോപണത്തിൽ കുടുംബം ഉറച്ച് നിൽക്കുകയാണ്.

നീതിലഭിക്കാതെ ശവസംസ്കാരം നടത്തില്ലെന്ന നിലാപാടിലാണ് ഇപ്പോഴും അവർ. കിണറിനുള്ളിൽനിന്ന് മത്തായിയെ രക്ഷപ്പെടുത്താൻ വനപാലകർ ശ്രമം നടത്തിയില്ലെന്ന് വനം വകുപ്പിന്റെതന്നെ വകുപ്പുതല അന്വേഷണ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

വനപാലകരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ ഉടനുണ്ടാകുമെന്ന് സൂചനയുണ്ട്. വനം വകുപ്പിന് ഗുരുതരവീഴ്ചസംഭവിച്ചതായാണ് പോലീസിന്റെ നിഗമനം.

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹർജി

കൊച്ചി: വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാർ കുടപ്പനക്കുളം അരീക്കാവ് പടിഞ്ഞാറേ ചരുവിൽ മത്തായി മരിച്ചത് കസ്റ്റഡി മർദനമേറ്റതിനെത്തുടർന്നാണെന്നും അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നുമാവശ്യപ്പെട്ട് ഭാര്യ ഷീബ മോൾ ഹൈക്കോടതിയിൽ ഹർജി നൽകി. ജൂലായ് 28 നാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. മണിയാർ തേക്ക് പ്ളാന്റേഷനിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇത്. ചിറ്റാറിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ വൈകീട്ട് ആറു മണിയോടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ സി.ബി.ഐ. ഉൾപ്പെടെയുള്ള ഏതെങ്കിലും ദേശീയ ഏജൻസി കേസന്വേഷണം നടത്താൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

റാന്നി ഡി.എഫ്.ഒ.യെ സ്ഥലംമാറ്റി

റാന്നി: റാന്നി ഡി.എഫ്.ഒ. എം.ഉണ്ണികൃഷ്ണനെ സ്ഥലംമാറ്റി. കോഴിക്കോട് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വർക്കിങ് പ്ലാൻ, നോർത്ത്) ആയിട്ടാണ് നിയമനം. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.വി.ഹരികൃഷ്ണനാണ് റാന്നി ഡി.എഫ്.ഒ.യുടെ ചുമതല. വനം വകുപ്പ് മേധാവിയാണ് ഉത്തരവിറക്കിയത്.

ആരബിൾ ലാൻഡ് വനഭൂമിയാക്കി പരിഗണിക്കണമെന്ന വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റം എന്ന് കരുതപ്പെടുന്നു. നീരേറ്റുകാവിൽ ഒരു പാറമടയ്ക്ക് എൻ.ഒ.സി. നൽകിയതുമായി ബന്ധപ്പെട്ടും വിവാദങ്ങൾ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് റേഞ്ച് ഓഫീസറടക്കം മൂന്നുപേരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടയിലാണ് വനപാലകർ കസ്റ്റഡിയിലെടുത്ത ചിറ്റാറിലെ ഫാം ഉടമ പി.പി.മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനുശേഷം അഞ്ച് ദിവസം അവധിയിലായിരുന്ന ഡി.എഫ്.ഒ. കഴിഞ്ഞ ബുധനാഴ്ചയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.

ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാമെന്ന് നിയമോപദേശം

പത്തനംതിട്ട: മത്തായി മരിച്ച സംഭവത്തിൽ ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാമെന്ന് നിയമോപദേശം. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്നവകുപ്പും ജീവനക്കാർക്കെതിരേ ചുമത്തും. കൃത്രിമരേഖ ചമയ്ക്കുക, തെളിവ് നശിപ്പിക്കുക, ഗൂഢാലോചന എന്നീ വകുപ്പുകളും ഇവർക്കെതിരേ ചുമത്താനാകുമെന്നാണ് ജില്ലാ ഗവ. പ്ലീഡർ നൽകിയ നിയമോപദേശമെന്നറിയുന്നു. പോലീസ് വ്യാഴാഴ്ച റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

Content Highlights:pathanamthitta mathayi death police conducted dummy test