പത്തനംതിട്ട: വീടിനുള്ളില്‍ യുവതിയുടെ മൃതദേഹം തൂങ്ങിയനിലയില്‍ കാണപ്പെട്ടത് ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകമെന്ന് തെളിഞ്ഞു. പ്രദേശവാസിയായ തടിക്കച്ചവടക്കാരനെ രണ്ടുവര്‍ഷത്തിനുശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ്‌ചെയ്തു. മല്ലപ്പള്ളി കോട്ടാങ്ങല്‍ പുല്ലാനിപ്പാറ സ്വദേശിനിയുടെ കൊലപാതകത്തില്‍ കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്‌മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) ആണ് അറസ്റ്റിലായത്. 2019 ഡിസംബര്‍ 15-നാണ് പുല്ലാനിപ്പാറയിലെ കാമുകന്റെ വീട്ടില്‍ യുവതിയെ തൂങ്ങിയനിലയില്‍ കണ്ടത്.

കാമുകനും യുവതിയും വെവ്വേറെ വിവാഹിതരായവരാണെങ്കിലും ആറുമാസമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. മൃതദേഹത്തില്‍ 53 മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാമുകനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു പെരുമ്പെട്ടി പോലീസിന്റെ അന്വേഷണം. ഇയാളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി.സൈമണ്‍ അന്വേഷണം 2020-ല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. അന്നത്തെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യും നിലവില്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂം എ.സി.പി.യുമായ ആര്‍.പ്രതാപന്‍ നായര്‍ക്കായിരുന്നു അന്വേഷണച്ചുമതല.

പരിശോധനയില്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിനുള്ള ശാസ്ത്രീയതെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടംനടത്തിയ ഡോക്ടറുടെ മൊഴികളും നിര്‍ണായകമായി.

കൊലപാതകമെന്ന് കണ്ടതോടെ വീടിന് സമീപത്ത് സംഭവദിവസം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ തുടര്‍ച്ചയായി പോലീസ് ചോദ്യംചെയ്തു. ഇതില്‍ നസീറും ഉണ്ടായിരുന്നു. കൂടാതെ മൃതദേഹത്തിന്റെ നഖത്തില്‍നിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകനും അയാളുടെ പിതാവും വീട്ടില്‍നിന്നു രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ നസീര്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ തല കട്ടില്‍പ്പടിയില്‍ ഇടിപ്പിച്ച് ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനം. അതിനുശേഷം മുണ്ട് കഴുത്തില്‍ കുരുക്കി മേല്‍ക്കൂരയിലെ ഇരുമ്പുഹുക്കില്‍ കെട്ടിത്തൂക്കുകയായിരുന്നു.

വേഷം മാറിയും ഡമ്മിയിട്ടും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം

കോട്ടാങ്ങല്‍ പുല്ലാന്നിപ്പാറയിലെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച്‌സംഘം സഞ്ചരിച്ചത് വ്യത്യസ്തവഴികളിലൂടെ. സ്ഥലത്ത് വേഷംമാറി മാസങ്ങളോളം താമസിച്ചും ഡമ്മി പരീക്ഷണം നടത്തിയുമൊക്കെയായിരുന്നു തെളിവ്‌ശേഖരണം. യുവതിയുടെ മരണശേഷം നടന്ന അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും നസീറിനെ ആരും സംശയിച്ചിരുന്നില്ല.

താന്‍ വീട്ടില്‍നിന്ന് പോകുമ്പോള്‍ നസീര്‍ വീട്ടില്‍ തടിനോക്കുന്നുണ്ടായിരുന്നു എന്ന് കാമുകന്‍ മൊഴി കൊടുത്തിരുന്നു. എന്നാല്‍, ഓട്ടോറിക്ഷയില്‍ കാമുകന്‍ വീട്ടില്‍നിന്ന് പോയിക്കഴിഞ്ഞ് രണ്ട് കിലോമീറ്ററിനപ്പുറത്തുവെച്ച് നസീര്‍ ഇയാളെ കടന്ന് പോകുകയും ചെയ്തു. ഇത് ചുരുങ്ങിയ സമയത്തിനിടയ്ക്കായിരുന്നതിനാല്‍ കൊലപാതകത്തില്‍ ആരും നസീറിനെ സംശയിച്ചില്ല. കാമുകന്‍ പോയെന്നും വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷവുമായിരുന്നു മടങ്ങിയെത്തി നസീര്‍ ബലാത്സംഗവും കൊലപാതകവും നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

പെരുമ്പെട്ടി എസ്.ഐ. ആയിരുന്ന ഷെരീഫ്കുമാറിനായിരുന്നു ആദ്യ അന്വേഷണച്ചുമതല. 53 മുറിവുകള്‍ മൃതദേഹത്തില്‍ കണ്ടതോടെ കാമുകനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു അന്വേഷണം. ഇയാളെ മര്‍ദിച്ചെന്നതുള്‍പ്പെടെയുള്ള പരാതികളില്‍ എസ്‌.െഎ.ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.

കാമുകന്റെയും പിതാവിന്റെയും രക്തസാമ്പിളുകളും പരിശോധിച്ചിരുന്നു. ഇതൊന്നും യുവതിയുടെ നഖത്തിനിടയില്‍നിന്ന് കിട്ടിയ ഡി.എന്‍.എ.യുമായി ചേരുന്നതായിരുന്നില്ല. അങ്ങനെയാണ് അന്വേഷണം നസീറിലേക്ക് എത്തിയത്. അന്വേഷണസംഘത്തില്‍ അതതു കാലത്തെ ഡിവൈ.എസ്.പി. മാരായ ആര്‍.സുധാകരന്‍പിള്ള, ആര്‍.പ്രതാപന്‍ നായര്‍, വി.ജെ.ജോഫി, ജെ.ഉമേഷ്‌കുമാര്‍, എസ്.ഐ.മാരായ സുജാതന്‍പിള്ള, അനില്‍കുമാര്‍, ശ്യാംലാല്‍, എ.എസ്.ഐ. അന്‍സുദീന്‍, എസ്.സി.പി.ഒ. മാരായ സന്തോഷ്, യൂസുഫ് കുട്ടി തുടങ്ങിയവരുണ്ടായിരുന്നു.

Content Highlights: pathanamthitta kottangal woman rape murder case accused naseer arrested