മല്ലപ്പള്ളി(പത്തനംതിട്ട): ജീവിതവഴിയില്‍ ഒപ്പം കൂടിയ പെണ്‍കുട്ടിയുടെ ദുരൂഹ മരണം. ആ കേസന്വേഷണത്തിന്റെ മറവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൊടിയ മര്‍ദ്ദനം. അതുവരെ കൂടെനിന്ന കൂട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും സംശയത്തിന്റെ മുനയുമായി ഒഴിവാക്കിയ നാളുകള്‍. ഇതെല്ലാമായിരുന്നു 2019 ഡിസംബര്‍ 15 മുതല്‍ കഴിഞ്ഞ ഞായറാഴ്ചവരെ കോട്ടാങ്ങല്‍ കണയിങ്കല്‍ ടിജിന്‍ ജോസഫിന്റെ ജീവിതം. രണ്ടുകൊല്ലത്തിനു ശേഷം യഥാര്‍ഥ കൊലയാളിയെ കണ്ടെത്തിയതോടെ വെറുക്കപ്പെട്ടവരുടെ പട്ടികയില്‍നിന്ന് വിടുതല്‍ ലഭിച്ചെന്ന സമാധാനമാണ് ഇന്ന് ഈ കുടുംബത്തിന്.

Read Also: ഡിഎന്‍എയും ഡമ്മിയും തുണച്ചു; ആ കൊടുംകുറ്റവാളി കാമുകനല്ല, ട്വിസ്റ്റിനൊടുവില്‍ യഥാര്‍ഥ പ്രതി പിടിയില്‍...

കുട്ടിക്കാലം മുതലേ സൗഹൃദത്തില്‍ കഴിഞ്ഞ ടിജിനും കൂട്ടുകാരിയും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വേറെ വിവാഹങ്ങള്‍ കഴിച്ചത്. പക്ഷേ, ഭര്‍ത്തൃവീട്ടില്‍നിന്ന് അവള്‍ ഇറങ്ങിവന്ന് കീഴ്വായ്പൂര് പോലീസ് സ്റ്റേഷനില്‍ എത്തി ടിജിനൊപ്പം പോകുകകയാണെന്ന് അവിടെ എഴുതിവെച്ചു. അതിന് മുന്‍പുതന്നെ ഒന്നര വയസ്സ് മാത്രം പ്രായമായ മകനെ ഇവിടെ വിട്ട് ടിജിന്റെ ഭാര്യ അവരുടെ വീട്ടിലേക്ക് പോയിരുന്നു.

പിന്നീട് ആറുമാസം ടിജിനും പെണ്‍കുട്ടിയും ഒരുമിച്ച് കഴിഞ്ഞു. അതിനിടെയാണ് ജീവിതം മാറ്റിമറിച്ച ആ ദിവസമെത്തിയത്. 2019 ഡിസംബര്‍ 15. അച്ഛന്‍ ജോസഫ് കൊച്ചുമകനുമായി പൊന്‍കുന്നത്ത് ഒരു ബന്ധുവീട്ടിലേക്ക് പോയി. ഓട്ടോ ഓടിച്ചിരുന്ന ടിജിന്‍ ഹരിപ്പാട്ടേക്ക് ഒരു ഓട്ടം കിട്ടി അങ്ങോട്ടു പോകാനുമിറങ്ങി. നാട്ടുകാരനും പരിചയക്കാരനുമായ നസീര്‍ അവിടെ തടി നോക്കാനെത്തിയത് ആ നേരത്താണ്. ടിജിനുമായി കാണുകയും ചെയ്തു. തൊട്ടുപിന്നാലെ ടിജിന്‍ പോയി. എന്നാല്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. പെരുമ്പെട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഷെരീഫിന് തന്നെ പ്രതിയാക്കാന്‍ ധൃതിയായിരുന്നെന്ന് ടിജിന്‍ പറയുന്നു.

സ്റ്റേഷനില്‍ റൂള്‍ത്തടിയ്ക്ക് ഉരുട്ടലും ഇരുകരണത്തും ഒരേസമയം അടിക്കലും മര്‍ദ്ദനമുറകളായി. ബോധംമറഞ്ഞ് വീണു. വിട്ടയച്ചശേഷം വീട്ടിലെത്തിയും മര്‍ദിച്ചു. ആവശ്യപ്പെട്ട അരലക്ഷം രൂപ നല്‍കാതിരുന്നപ്പോള്‍ വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍വരെ കടത്താന്‍ ശ്രമിച്ചെന്നും ടിജിന്‍ പറയുന്നു.

ഒടുവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായി. മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കിയതോടെ എസ്.ഐ. ആശുപത്രിയില്‍ തിരക്കിയെത്തി. ആശുപത്രി ചെലവിനായി 20,000 രൂപ വാഗ്ദാനം ചെയ്തു. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് ഷെരീഫിനെ അന്ന് അവിടെനിന്ന് ഇറക്കിവിട്ടതെന്ന് ടിജിന്‍ പറയുന്നു. എസ്.ഐ.യെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് ടിജിന്‍ കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ടിജിന്‍ സാക്ഷിയായി ഹാജരാക്കിയ നസീര്‍ അന്വേഷണ പരിധിയില്‍വന്നത് അതോടെയാണ്. പെണ്‍കുട്ടിയുടെ നഖങ്ങളില്‍നിന്ന് ഇയാളുടെ ഡി.എന്‍.എ. വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞത് നിര്‍ണായക വഴിത്തിരിവായി.നിരപരാധിയാണെന്ന് തെളിഞ്ഞതില്‍ ആശ്വാസമുണ്ടെന്ന് ടിജിന്‍ പറയുന്നു. പക്ഷേ, ഇഷ്ടപ്പെട്ട് കൂടെക്കൂടിയ ആളെ നഷ്ടപ്പെട്ടതോര്‍ക്കുമ്പോള്‍ എങ്ങനെ സന്തോഷിക്കാന്‍?

എസ്.ഐ.യുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിക്കാന്‍ വിളിച്ചിട്ടും ചുങ്കപ്പാറയിലെ സ്വന്തം സ്റ്റാന്‍ഡിലെ കൂട്ടുകാര്‍പോലും തയ്യാറായിരുന്നില്ല. നാട്ടുകാരും അച്ഛനെ ഉള്‍പ്പടെ മോശമായി പറഞ്ഞു. സത്യം വെളിച്ചത്തെത്തിച്ച ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ക്ക് നന്ദി -ടിജിന്‍ പറയുന്നു. ഇനി മകനുവേണ്ടിയാണ് ജീവിതം. പ്രതി നസീറിനും സബ് ഇന്‍സ്പെക്ടര്‍ ഷെരീഫിനും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ലക്ഷ്യമാണ്.

Content Highlights: pathanamthitta kottangal murder case tigin joseph says about police harassment