പത്തനംതിട്ട: കുമ്പഴയില്‍ അഞ്ചുവയസുകാരിയെ രണ്ടാനച്ഛന്‍ ആറു ദിവസം ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നതെന്ന് പോലീസ്.

ശരീരത്തില്‍ അറുപതിലേറെ മുറിവുകളും മര്‍ദിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. കഴുത്ത്, നെഞ്ച്, അടിവയര്‍ എന്നിവിടങ്ങളില്‍ വലിയ ക്ഷതമേറ്റെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ലൈംഗികപീഡനം നടന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിശദാംശങ്ങള്‍ തേടി അന്വേഷണസംഘം വീണ്ടും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫൊറന്‍സിക് സയന്‍സ് വിഭാഗത്തെ സമീപിക്കും.

പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പത്തനംതിട്ടയില്‍ കൊണ്ടുവന്ന കുഞ്ഞിന്റെ മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുഞ്ഞിന്റെ അച്ഛനായ തമിഴ്‌നാട് സ്വദേശി ശവസംസ്‌കാരത്തിന് എത്തിയിരുന്നു. ഇദ്ദേഹവും കുഞ്ഞിന്റെ അമ്മയും തമ്മില്‍ നിയമപരമായി വിവാഹം വേര്‍പിരിഞ്ഞതാണ്. കൊല്ലപ്പെട്ട അഞ്ചുവയസുകാരിയെ കൂടാതെ ഇവര്‍ക്ക് മറ്റൊരു മകളുമുണ്ട്. ഈ കുട്ടി അച്ഛനൊപ്പമാണുള്ളത്. സംഭവത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്നും രണ്ടാനച്ഛനും അമ്മയും കൂടി കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്നും അച്ഛന്‍ ആരോപിച്ചു. രണ്ടാനച്ഛന്‍ നേരത്തേയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇത് അമ്മയ്ക്ക് അറിയാമായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. പോലീസ് പിടിയിലായ രണ്ടാനച്ഛനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി അടുത്തദിവസംതന്നെ അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കും.

പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

അതേസമയം ഇയാള്‍ തിങ്കളാഴ്ച രാത്രി കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ സംഭവത്തില്‍ ഒരു പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ റൈറ്റര്‍ രവിചന്ദ്രനെതിരെയാണ് നടപടി.

Content Highlights: pathanamthitta five year old girl murder case