സീതത്തോട്(പത്തനംതിട്ട): നാട്ടുകാർക്കെല്ലാം സുപരിചിതനും ഉപകാരിയുമായിരുന്ന യുവാവിന്റെ മരണവാർത്ത അക്ഷരാർഥത്തിൽ ഗ്രാമത്തെ ഞെട്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അരീക്കക്കാവിലെ വാടകവീട്ടിൽനിന്ന് പടിഞ്ഞാറേചരുവിൽ മത്തായിയെ (പൊന്നു-41) ചിറ്റാറിൽനിന്നെത്തിയ വനപാലകസംഘം കൂട്ടിക്കൊണ്ടു പോയത്. ചോദ്യം ചെയ്യലിനായി കുടപ്പനയിലേക്ക് മത്തായിയെ വനപാലകസംഘം കൊണ്ടുപോയി. ആറുമണി കഴിഞ്ഞപ്പോഴേക്കും ഇയാളുടെ മരണവിവരമാണ് പുറത്തറിയുന്നത്.

എല്ലാവർക്കും വേണ്ടപ്പെട്ടയാൾ

കുടപ്പന ഒരു വനഗ്രാമമാണ്. ഇവിടെ കുടുംബവീടിനോടുചേർന്ന് മത്തായി പന്നിഫാം നടത്തുന്നുണ്ട്. ഇതിനുപുറമേ ക്രെയിൻ സർവീസും ആംബുലൻസ് സർവീസുമെല്ലാമുണ്ട്. ഇവിടെ ജനിച്ചു വളർന്ന് ഓരോരോ ബിസിനസുകൾ ചെയ്ത് ജീവിച്ചുവന്ന മത്തായി നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും സജീവസാന്നിധ്യമായിരുന്നു.

വനമേഖലയിലെ താമസക്കാരനായിരുന്നിട്ടുകൂടി ഇയാൾക്കെതിരേ വനംവകുപ്പിൽ കേസുകളോ മറ്റ് ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്തയാളായിരുന്നു. അതുകൊണ്ടുതന്നെ മത്തായിയുടെ മരണവാർത്ത അറിഞ്ഞതോടെ സ്ഥലത്ത് വലിയ പ്രതിഷേധം ഉയരുകയായിരുന്നു. ഇനിയും അത് കെട്ടടങ്ങിയിട്ടില്ല.

ക്യാമറ തകർത്തെന്ന് കേസുണ്ടായാൽ ആത്മഹത്യ ചെയ്യുന്നയാളല്ല മത്തായിയെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. അരീക്കക്കാവിലെ വീട്ടിൽ വനപാലകർ എത്തുമ്പോൾതന്നെ പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് ഇയാൾ വനപാലകരെ അറിയിച്ചിരുന്നു.

പോയത് കുടുംബത്തിന്റെ നെടുന്തൂൺ

കുടപ്പനയിലെ ആദ്യകാല കർഷകക്കുടുംബങ്ങളിലൊന്നാണ് മത്തായിയുടേത്. ഇദ്ദേഹത്തിന്റെ പിതാവ് പരേതനായ പാപ്പി അറിയപ്പെടുന്ന കർഷകനയിരുന്നു. പ്രായാധിക്യമേറെയുള്ള മാതാവും ശാരീരിക അസ്വസ്ഥതകളുള്ള സഹോദരിയുമടക്കമുള്ള കുടുംബം മത്തായിയുടെ സംരക്ഷണയിലായിരുന്നു. ഭാര്യ ഷീബയ്ക്ക് മണിയാറിലെ സ്വകാര്യ സ്കൂളിൽ ജോലി ലഭിച്ചതോടെയാണ് കുടപ്പനയിൽനിന്ന് കുടുംബം അരീക്കക്കാവിലെ വാടകവീട്ടിലേക്ക് മാറിയത്.

ഒരിക്കലും പൊന്നുച്ചായൻ ആത്മഹത്യ ചെയ്യില്ല...

റാന്നി: 'ഒരിക്കലും പൊന്നുച്ചായൻ ആത്മഹത്യ ചെയ്യില്ല, അതിനുള്ള ഒരു കാര്യവുമില്ല. അവർ അപായപ്പെടുത്തി കിണറ്റിലിട്ടതാണ്. അല്ലെങ്കിൽ രക്ഷപ്പെടുത്താനുള്ള ഒരുചെറിയ ശ്രമമെങ്കിലും നടത്തുമായിരുന്നില്ലേ.' വനപാലകർ കസ്റ്റഡിയിലെടുത്തശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അരീക്കക്കാവ് പടിഞ്ഞാറേ ചരുവിൽ മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു. ഈ ക്രൂരത ചെയ്തവരെ വെറുതെ വിടില്ല. നിയമപരമായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. ഇനിയാർക്കും ഇതുപോലെ സംഭവിക്കരുത്. പണമാണ് ആവശ്യമെങ്കിൽ കൊടുക്കാമായിരുന്നല്ലോ. അതിന് ഈ ക്രൂരത കാട്ടണമോ' വേദന ഉള്ളിലൊതുക്കി അവർ ചോദിച്ചു.

ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് വീട്ടിൽനിന്ന് ബലമായി കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന യുവാവിനെ സ്കൂട്ടറിലും അച്ചായനെ അവരുടെ ജീപ്പിലുമാണ് കൊണ്ടുപോയത്.

'അടുക്കളയിലായിരുന്ന ഞാൻ ഓടിയെത്തിയപ്പോഴേക്കും അവർ ജീപ്പിനരികിലെത്തിയിരുന്നു. കാര്യം തിരക്കിയപ്പോൾ സ്റ്റേഷനിൽ വന്നാൽ പറയാമെന്നായിരുന്നു മറുപടി. വീണ്ടും ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയപ്പോൾ അവർ അവിടെയെത്തിയിരുന്നില്ല.'

'അച്ചായന്റെ ഫോണിൽ തുടർച്ചയായി വിളിച്ചപ്പോൾ ഉദ്യോഗസ്ഥരിലാരോ ആണ് എടുത്തത്. സ്റ്റേഷനിൽനിന്നാൽ മതിയെന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് കൂടെയുണ്ടായിരുന്ന യുവാവ് വിളിച്ച് 75,000 രൂപ നൽകിയാൽ കേസ് ഇല്ലാതാക്കുമെന്ന് വനപാലകർ അറിയിച്ചതായി അറിയിച്ചു. രണ്ട് സ്റ്റാറുള്ള സാർ വിളിക്കുമ്പോൾ മാത്രമേ പണവുമായി സ്റ്റേഷനിലേക്ക് കയറി ചെല്ലാവൂ എന്നും പറഞ്ഞു.'

'ആറരയോടെ കുടപ്പനയിൽനിന്ന് അച്ചായന്റെ ബന്ധു വിളിച്ച് ഉടൻ അവിടെ വീട്ടിലെത്തണമെന്നും ബാക്കി കാര്യങ്ങളൊന്നും തനിക്ക് പറയാൻ കഴിയില്ലെന്നും പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് മരിച്ച വിവരമറിയുന്നത്. അപ്പോൾ പോലീസും അവിടെ ഉണ്ടായിരുന്നു. കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരെ ഇന്നോവയിൽ പെട്ടെന്ന് അവിടെനിന്നും രക്ഷപ്പെടുത്തിയതായാണ് അറിയാൻ കഴിഞ്ഞതെന്നും' ഷീബ പറഞ്ഞു.

Content Highlights:pathanamthitta farm owner mathayi death allegation by his wife