പത്തനംതിട്ട: ആംബുലന്‍സ് പീഡനത്തിന് ഒരാണ്ട് തികഞ്ഞ ദിവസം സി.എഫ്.എല്‍.ടി.സി.യില്‍ ജില്ലയ്ക്ക് അടുത്ത നാണക്കേട്. സി.എഫ്.എല്‍.ടി.സി.യില്‍ പതിനാറുകാരിയെ ഉപദ്രവിച്ച സംഭവമുണ്ടായത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നെങ്കിലും പുറത്തറിയുന്നത് ഞായറാഴ്ചയാണ്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു ആംബുലന്‍സ് പീഡനം ഉണ്ടായത്.

കോവിഡ് രോഗികളെ സഹായിക്കാന്‍ നിയോഗിച്ചയാള്‍തന്നെയാണ് ഇത് ചെയ്തത്. ശുചീകരണത്തിന് ദിവസവും മുറിയിലെത്താറുള്ള ഇയാള്‍ പതിയെ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇത് മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സ്ത്രീകള്‍ താമസിക്കുന്ന മുറികളില്‍ ശുചീകരണത്തിന് വനിതാ ജീവനക്കാരെ നിയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. ഇതിവിടെ പാലിക്കപ്പെട്ടില്ല. ആവശ്യത്തിന് വനിതാ ജീവനക്കാരെ കിട്ടാത്ത സാഹചര്യത്തിലാണ് പുരുഷജീവനക്കാരെ നിയോഗിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്ന ന്യായം. രോഗം സ്ഥിരീകരിക്കുന്നവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് അയയ്ക്കുന്നതോടെ ജോലി കഴിഞ്ഞെന്ന നിലപാടിലാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. അവിടെ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ സുരക്ഷ സംബന്ധിച്ചുള്ള ഒരുകാര്യവും പിന്നീട് ചിന്തിക്കാറില്ലെന്നാണ് സി.എഫ്.എല്‍.ടി.സി.യിലെ സംഭവം തെളിയിക്കുന്നത്.

സമാന സംഭവങ്ങള്‍ ഇതിനുമുമ്പും

കോവിഡ് കെയര്‍ സെന്ററില്‍ യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം മുന്‍പ് നടന്നിരുന്നു. അതും പത്തനംതിട്ട നഗരമധ്യത്തിലെ കേന്ദ്രത്തില്‍ത്തന്നെ. കൊട്ടിഘോഷിച്ച സംവിധാനങ്ങളെയെല്ലാം മറികടന്നാണ് അന്ന് യുവാവ് വളരെയെളുപ്പം സെന്ററിനുള്ളില്‍ കടന്നത്. ആരും കണ്ടില്ല, അറിഞ്ഞില്ല. ആരോഗ്യപ്രവര്‍ത്തകനെന്ന വ്യാജകാര്‍ഡുവരെ കഴുത്തില്‍ തൂക്കിയായിരുന്നു പാതിരാത്രിയോടെ ഇയാള്‍ സെന്ററില്‍ ചെന്നത്.

സ്ഥാപനത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടു. പരിശോധിക്കാനെന്നനിലയില്‍ മുറിയില്‍ കയറിയാണ് ഇയാള്‍ യുവതിയെ പിടിച്ചത്. അസാമാന്യ ധൈര്യം യുവതി കാണിച്ചതിനെത്തുടര്‍ന്നാണ് രക്ഷപ്പെട്ടത്.

സുരക്ഷാജീവനക്കാരില്ലാത്ത നിരവധി കേന്ദ്രങ്ങള്‍

മിക്ക കേന്ദ്രങ്ങളിലും ആവശ്യത്തിന് സുരക്ഷാജീവനക്കാര്‍ ഇല്ലാത്ത സ്ഥിതിയാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കേന്ദ്രങ്ങളില്‍ സുരക്ഷാജീവനക്കാരെ നിയമിച്ചെങ്കിലും രോഗവ്യാപനം വര്‍ധിച്ചതോടെ പലരും ജോലിക്ക് വരാന്‍ മടിച്ചു.

പരാതികളെത്തുടര്‍ന്ന് സുരക്ഷാജീവനക്കാരെ നിയമിക്കേണ്ട ചുമതല പഞ്ചായത്തുകള്‍ക്ക് കൈമാറിയെങ്കിലും ആളുകളെത്തിയില്ല. പത്രത്തില്‍ പരസ്യം നല്‍കിയിട്ടും ആരും വരാന്‍ തയ്യാറാകുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നത്. ചിലയിടത്ത് സ്ഥാപനങ്ങളുടെ വകയായുള്ള സുരക്ഷാജീവനക്കാരുണ്ടായിരുന്നു. രോഗം പടരാന്‍ തുടങ്ങിയതോടെ ഇവരും പിന്‍വാങ്ങി.

സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

സംഭവത്തില്‍ സി.എഫ്.എല്‍.ടി.സി.യിലെ നോഡല്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ ജീവനക്കാരുണ്ടായിട്ടും പുരുഷജീവനക്കാരനെ സ്ത്രീകളുടെ മുറിയില്‍ ശുചീകരണത്തിനായി നിയോഗിച്ച സാഹചര്യത്തെക്കുറിച്ചും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ ആരോഗ്യവകുപ്പല്ല നിയമിച്ചത്. ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ് ഇയാളെ ശുചീകരണത്തിനായി നിയമിച്ചത്.

-ഡോ. എ.എല്‍.ഷീജ,

ജില്ലാ മെഡിക്കല്‍ ഓഫീസര്‍