പത്തനംതിട്ട: അബാൻ ജങ്ഷനിലെ കനറാ ബാങ്ക് രണ്ടാം ശാഖയിൽനിന്ന് ജീവനക്കാരൻ വിജീഷ് വർഗീസ് തട്ടിയെടുത്ത പണം നിക്ഷേപിക്കപ്പെട്ട അക്കൗണ്ടുകളെല്ലാം കാലിയാണെന്ന് അന്വേഷണത്തിൽ ബോധ്യമായി. തട്ടിയെടുത്ത തുക പ്രതിയുടെ അക്കൗണ്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരിശോധന നടത്തിയത്. അക്കൗണ്ട് മരവിപ്പിക്കും മുമ്പ്‌ പണം പിൻവലിക്കപ്പെട്ടുവെന്നാണ് വ്യക്തമായിട്ടുള്ളത്.

സ്വന്തം പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലും ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലും പ്രതി നേരത്തെ പണം നിക്ഷേപിച്ചിരുന്നു. കൂടാതെ മാതാവിന്റെയും ഭാര്യാപിതാവിന്റെയും അക്കൗണ്ടുകളിലേക്കും വിജീഷ് പണം കൈമാറ്റം ചെയ്തിരുന്നു. ആറരക്കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ബാങ്ക് ഓഡിറ്റ് വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നത്. ഈ അക്കൗണ്ടുകളിലൊന്നും കാര്യമായ പണം അവശേഷിക്കുന്നില്ല. ചിലതിൽ മാത്രം മിനിമം ബാലൻസ് അവശേഷിക്കുമ്പോൾ മറ്റുചിലത് കാലിയാണ്.

തട്ടിയെടുത്ത പണത്തിൽ വലിയൊരു പങ്കും ഓഹരി വിപണിയിൽ നിക്ഷേപിച്ചതായാണ് മൊഴി. പത്തനംതിട്ടയിലെ ഒരു ഷെയർ ബ്രോക്കർ സ്ഥാപനം വഴിയാണ് ഇടപാടുകൾ നടത്തിയതെന്നാണ് സൂചന. തട്ടിപ്പിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നതും അന്വേഷണസംഘം പരിശോധിക്കുന്നു. അതേസമയം, കേസ് ക്രൈംബ്രാഞ്ചിനു വിട്ട് ഉത്തരവ് വന്നുവെങ്കിലും നടപടിക്രമങ്ങൾ വൈകിയേക്കും.

കുറ്റം സമ്മതിച്ച് പ്രതി

8.13 കോടിയുടെ ബാങ്ക് തട്ടിപ്പിൽ മറ്റാർക്കും പങ്കില്ലെന്നാണ് വിജീഷ് വർഗീസിന്റെ മൊഴി. കുടുംബാംഗങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ താൻ നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.

ബാങ്ക് ജീവനക്കാർക്കോ കുടുംബാംഗങ്ങളായ മറ്റാർക്കെങ്കിലുമോ തട്ടിപ്പിൽ പങ്കില്ല. അമ്മയുടെയും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ താൻ നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നുവെന്നും വിജീഷ് ചോദ്യംചെയ്യലിൽ വ്യക്തമാക്കി.

തെളിവെടുപ്പ് നടത്തി

ചൊവ്വാഴ്ച രാവിലെ 10.30-ന് അബാൻ ജങ്ഷനിലുള്ള ബാങ്ക് ശാഖയിൽ വിജീഷ് വർഗീസിനെ തെളിവെടുപ്പിനെത്തിച്ചു. മുക്കാൽമണിക്കൂറോളം തെളിവെടുപ്പ് നടന്നു. തട്ടിപ്പ് നടന്നതിനെ തുടർന്ന് അച്ചടക്കനടപടിക്ക് വിധേയരായ ഏതാനും ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. താൻ ഉപയോഗിച്ച കംപ്യൂട്ടറുകൾ, ബാങ്കിലെ കാഷ്യർ കം ക്ളാർക്കായിരുന്ന വിജീഷ് ദുരുപയോഗം ചെയ്തതായി സംശയിക്കുന്നുവെന്ന് വനിതാ ജീവനക്കാരി പോലീസിനെ അറിയിച്ചു.

പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസിന്റെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും. ബാങ്ക് അക്കൗണ്ടുകളിലെ വിശദപരിശോധന, ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിലെ തെളിവെടുപ്പ് എന്നിവ ഉദ്ദേശിച്ച് 10 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.

Content Highlights:pathanamthitta canara bank fraud case vijeesh vargheese