പത്തനംതിട്ട: 2019 ഡിസംബർ മുതൽ 2021 ജനുവരി വരെയുള്ള കാലയളവിലാണ് പത്തനംതിട്ട കനറാബാങ്ക് രണ്ടാം ശാഖയിൽ വിജീഷ് വർഗീസ് കോടികളുടെ തട്ടിപ്പ് നടത്തിയത്. ആകർഷകമായ പെരുമാറ്റത്തിലൂടെ സഹപ്രവർത്തകരുടെ പ്രീതിയും വിശ്വാസ്യതയും ആദ്യം തന്നെ നേടിയെടുത്ത വിജീഷ് തന്ത്രപരമായാണ് തട്ടിപ്പിനുള്ള കരുക്കൾ നീക്കിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

പല ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും മുൻ നേവി ഉദ്യോഗസ്ഥൻ എന്നതും ഒപ്പമുള്ള ജീവനക്കാരിൽ വിജീഷിനെക്കുറിച്ചുള്ള വിശ്വാസ്യതകൂട്ടി.

തട്ടിപ്പുരീതിയെക്കുറിച്ച് പോലീസ് പറയുന്നത്: സാധാരണ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ (ഫിക്സഡ് െഡപ്പോസിറ്റുകൾ) ക്ലോസ് ചെയ്യണമെങ്കിൽ അക്കൗണ്ട് ഉടമ നേരിട്ടെത്തി ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ പൂരിപ്പിച്ച് ഒപ്പിട്ടുനൽകണം. ബാങ്കിലെ ക്ളാർക്കാണ് പ്രാഥമിക നടപടികൾ നടത്തുന്നത്. തൊട്ടുത്ത സീനിയർ ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് അംഗീകാരം നൽകിയാൽ മാത്രമേ അക്കൗണ്ട് ക്ലോസാവുകയുള്ളൂ.

പത്തനംതിട്ട രണ്ടാംശാഖയിൽ സ്ഥിര നിക്ഷേപങ്ങൾ കൈകാര്യം ചെയ്തിരുന്നത് വിജീഷ് ആയിരുന്നു. തട്ടിപ്പ് നടത്തുന്നതിന് മുന്നോടിയായി, കാലാവധിയുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾ ആദ്യം കണ്ടെത്തും. ഇത് തന്റെ ഐഡി ഉപയോഗിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ വിജീഷ് തുടങ്ങിവെയ്ക്കും. തൊട്ടുത്ത സീറ്റിലുള്ള സീനിയർ ഉദ്യോഗസ്ഥൻ പുറത്തേക്കിറങ്ങുന്ന തക്കം നോക്കി ബാക്കി നടപടികൾ പൂർത്തീകരിക്കും. ഇതിനായി ഉയർന്ന ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളും ദുരുപയോഗം ചെയ്തു.

വിജീഷിന്റെ ഈ നീക്കങ്ങൾ ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നും അടുത്തിടെ കണ്ടെത്തി. ക്ലോസ് ചെയ്ത െഡപ്പോസിറ്റിനെക്കുറിച്ച് ആരെങ്കിലും അന്വേഷിച്ചെത്തിയാൽ സീനിയർ ഉദ്യോഗസ്ഥരെ അറിയിക്കാതെ ഇയാൾ കാര്യങ്ങൾ നീക്കും. ബാങ്കിലെ പാർക്കിങ് അക്കൗണ്ടിൽനിന്നു പുതിയതായി എഫ്.ഡി. അക്കൗണ്ട് തുടങ്ങി പണം കൈമാറി ഉപയോക്താവിന്റെ പരാതി പരിഹരിക്കും.