പത്തനംതിട്ട: പ്ലസ്ടു പഠനം പൂർത്തിയായ ഉടൻ ഇന്ത്യൻ നേവിയിൽ ജോലി. ജോലിക്കിടെ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം. കനറാ ബാങ്ക് പത്തനംതിട്ട ശാഖയിലെ തട്ടിപ്പുകേസിൽ പിടിയിലായ പ്രതി വിജീഷ് വർഗീസിന്റെ പൂർവകാലചരിത്രം അന്വേഷണസംഘത്തെയും വിസ്മയിപ്പിച്ചു. പത്തനാപുരം ആവണീശ്വരം സ്വദേശിയായ വിജീഷ്, അധ്യാപകദമ്പതിമാരുടെ മകനാണ്. ഭാര്യയും എയ്‌ഡഡ് സ്കൂൾ അധ്യാപിക.

2002 മുതൽ 2017 ജൂലായ് വരെ ഇന്ത്യൻ നേവിയിൽ പെറ്റി ഓഫീസറായിരുന്നു വിജീഷ്. ജോലിയിൽനിന്ന് വിരമിച്ചശേഷം 2017 സെപ്റ്റംബറിലാണ് കൊച്ചി സിൻഡിക്കേറ്റ് ബാങ്കിൽ പ്രൊബേഷനറി ക്ളാർക്കായി നിയമിക്കപ്പെടുന്നത്. 2019 ജനുവരിയിലാണ് പത്തനംതിട്ട ബ്രാഞ്ചിലേക്കെത്തിയത്. ഏപ്രിലിൽ സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ചിരുന്നു.

ബെംഗളൂരുവിൽനിന്ന് പിടികൂടിയ വിജീഷിനെ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. കോവിഡ് നെഗറ്റീവായിരുന്നു ഫലം. തുടർന്ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രാഥമിക ചോദ്യംചെയ്യലിൽ പ്രതി ഭാവവ്യത്യാസങ്ങൾ പ്രകടിപ്പിച്ചതുമില്ല. ഒരിക്കലും കണ്ടുപിടിക്കില്ലെന്നുറപ്പിച്ചായിരുന്നോ കോടികളുടെ തട്ടിപ്പ് നടത്തിയതെന്ന പോലീസുദ്യോഗസ്ഥരുടെ ചോദ്യത്തോടും ഉറച്ച മറുപടിയാണ് വിജീഷ് നൽകിയത്. 'ഏതൊരു ബാങ്കിലും തട്ടിപ്പ് അരങ്ങേറിയാൽ പരിശോധനയിൽ അത് ഉറപ്പായും കണ്ടെത്തുകതന്നെ ചെയ്യും. അത് അറിയാമായിരുന്നു'-വിജീഷ് പറഞ്ഞു. പിന്നെന്തുകൊണ്ട് ഈ കൃത്യത്തിന് മുതിർന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ. 'അതേപ്പറ്റി പറയാനാണെങ്കിൽ കുറെ ചരിത്രമുണ്ട് സാർ. പതിയെ വിശദമായി പറയാം.'

അതേസമയം, കൂടുതൽ അന്വേഷണത്തിൽമാത്രമേ കുറ്റകൃത്യത്തിൽ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് വ്യക്തമാകൂവെന്ന് ഡിവൈ.എസ്.പി. പ്രദീപ്കുമാർ പറഞ്ഞു. ഇതിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ േചാദ്യംചെയ്യേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. പണം കൈമാറ്റംചെയ്യാനായി ഉപയോഗിച്ച പ്രതിയുടെ ഭാര്യയുടെയും ഭാര്യാപിതാവിന്റെയും അക്കൗണ്ടുകൾ പ്രതി സ്വാധീനമുപയോഗിച്ച് വ്യാജമായി എടുത്തതാണോയെന്നും ശാസ്ത്രീയാന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണസംഘത്തിൽ പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ കെ.വി.ബിജീഷ് ലാൽ, മൂഴിയാർ പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ, ഇലവുംതിട്ട ഇൻസ്പെക്ടർ രാജേഷ്, എസ്.ഐ.മാരായ സായി സേനൻ, സഞ്ജു ജോസഫ്, എ.എസ്.ഐ. സവിരാജൻ, ശ്രീകുമാർ, സുനിൽ, അവിനാശ്, അഖിൽ എന്നിവരുമുണ്ടായിരുന്നു.

Content Highlights:pathanamthitta canara bank fraud case