കാഞ്ഞിരപ്പള്ളി: മദ്യലഹരിയിലായിരുന്ന യുവാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാസ്റ്റർ മരിച്ചു. കൂവപ്പള്ളി കുടപ്പനക്കുഴി മണപ്പാട്ട് അജീഷ് ജോസഫാണ് (41) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ സമീപവാസിയായ കൂവപ്പള്ളി ടാങ്ക് പടി ഭാഗത്ത് മുളയ്ക്കൽ ജോബി ജോണിയെ(27) പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ജോബി വഴിയിൽവെച്ച് അജീഷുമായി സംസാരിക്കുന്നതിനിടെ ജോബി തട്ടിക്കയറുകയും തർക്കത്തിലേർപ്പെടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

പിന്നീട് വീട്ടിലേക്ക് പോയ അജീഷിനെ പിന്നാലെയെത്തിയ ജോബി വീടിന് മുന്നിലിട്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ച അജീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി 12 മണിയോടെ മരിച്ചു. മേസ്തിരി പണിക്കാരനായ അജീഷ് മുണ്ടത്താനം, എബനേസർ ചർച്ചിലെ ശുശ്രൂഷകനുമാണ്. ഭാര്യ: മിനി. മക്കൾ: ആഷ്മി, ആഷേർ. ശവസംസ്കാരം നടത്തി.

Content Highlights:pastor stabbed to death in kanjirappally kottayam