കോട്ടയം: തീവണ്ടിയില്‍ കണ്ട ബാഗില്‍ പെരുമ്പാമ്പ്. ബാഗില്‍നിന്ന് ലഭിച്ച വിലാസം തേടിപ്പിടിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പുളിങ്കുന്ന് കിഴക്കേടത്ത് ജിജോ ജോര്‍ജാണ്(29) അറസ്റ്റിലായത്.JIJO

തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കാരയ്ക്കല്‍-കോട്ടയം െട്രയിനില്‍നിന്നാണ് ബാഗ് കിട്ടിയത്. ഉടമസ്ഥനില്ലാതെ ബാഗ് കണ്ടെത്തിയത് റെയില്‍വേ പോലീസാണ്. തുറന്നുനോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബാഗ് കൈമാറി.

റെയില്‍വേ സ്റ്റേഷന്റെ പരിധിയിലുള്ള പ്ളാച്ചേരി വനംവകുപ്പ് ഓഫീസ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.വി.രതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടി. ഇതിലെ മേല്‍വിലാസം വെച്ചാണ്‌ പ്രതിയെ പിടിച്ചത്.

ചൊവ്വാഴ്ച രാവിലെ പുളിങ്കുന്നിലെ വീട്ടില്‍നിന്നാണ് ജിജോയെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് പാന്പിനെ കിട്ടിയതെന്ന് ജിജോ പറഞ്ഞു. പാമ്പിനെ ബാഗിലാക്കി എറണാകുളത്ത് എത്തിയപ്പോള്‍ ട്രെയിനില്‍നിന്ന് പുറത്തിറങ്ങി. മടങ്ങിയെത്തിയപ്പോള്‍ ട്രെയിന്‍ വിട്ടുപോയി. പാമ്പിനെ കറിവെച്ച് കഴിക്കാനാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ മൊഴി നല്‍കി. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്

പ്രതിയുടെ മൊഴി വിശ്വസിക്കാന്‍ പ്രയാസം. കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. വന്യജീവി സംരക്ഷണനിയമപ്രകാരമാണ് കേസ്. ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന ആന, കടുവ, പെരുന്പാന്പ്, മയില്‍ എന്നിവയെ പിടിക്കാന്‍ പാടില്ലെന്നാണ്. മൂന്നുവര്‍ഷംവരെ കഠിനതടവും ഒരുലക്ഷം രൂപാവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.-കെ.വി.രതീഷ്(ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍, പ്ളാച്ചേരി വനംവകുപ്പ് ഓഫീസ്).