പാലക്കാട്: റെയില്‍വേ കോളനിക്കടുത്ത് വൃദ്ധരായ മാതാപിതാക്കളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്ഥലം വിട്ട മകന്‍ പിടിയിലായി.  ഓട്ടൂര്‍കാടില്‍ റിട്ട. ആര്‍.എം.എസ്. (റെയില്‍വേ മെയില്‍ സര്‍വീസ്) ജീവനക്കാരന്‍ പ്രതീക്ഷാനഗര്‍ 'മയൂര'ത്തില്‍ ചന്ദ്രന്‍ (68), ഭാര്യ ദൈവാന (ദേവി-54) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന മകന്‍ സനലിനെയാണ് ഇന്ന് രാവിലെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം സനല്‍ മൈസൂരിലേക്ക് കടന്നുകളഞ്ഞിരുന്നു. സനലിനെ ഫോണില്‍ ബന്ധപ്പെട്ട സഹോദരന്‍ വിളിച്ച് വരുത്തുകയായിരുന്നു. ഇന്ന് രാവിലെ വീടിന് മുന്നില്‍ വന്നിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ എഴുമണിയോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. മൂന്നുമക്കളുള്ള ചന്ദ്രനും ദൈവാനയും മൂത്തമകന്‍ സനലിനൊപ്പമാണ് താമസിച്ചിരുന്നത്. മകള്‍ സൗമിനി ഭര്‍ത്താവ് വിഘ്‌നേഷിനൊപ്പവും ഇളയമകന്‍ സുനില്‍ ജോലിസംബന്ധമായും എറണാകുളത്താണ് താമസം.

സൗമിനി തിങ്കളാഴ്ച ഫോണില്‍ മാതാപിതാക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ല. തുടര്‍ന്ന്, സമീപവാസികളെ വിളിച്ച് വിവരം തിരക്കി. അയല്‍വാസികള്‍ നോക്കാനെത്തിയപ്പോഴാണ് ചന്ദ്രനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടത്.

ദൈവാന സ്വീകരണമുറിയിലും ചന്ദ്രന്‍ കിടപ്പുമുറിയിലെ കട്ടിലിലുമാണ് ചോരവാര്‍ന്നുകിടന്നിരുന്നത്. ചന്ദ്രന്റെയും ഭാര്യയുടെയും ശരീരത്തിലാകെ മാരകമായി മുറിവേറ്റിട്ടുണ്ട്. തലയിലും മുഖത്തും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ദൈവാനയുടെ മൃതദേഹം വലിച്ചുനീക്കി തുണികൊണ്ട് മൂടിയനിലയിലായിരുന്നു. സമീപത്ത് കീടനാശിനിയുടെ കുപ്പി പോലീസ് കണ്ടെടുത്തു.

തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് മകന്‍ സനലിനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. മുംബൈയിലെ ജൂവലറിയില്‍ സെയില്‍സ്മാനായി ജോലിചെയ്തിരുന്ന സനല്‍ ആറുമാസത്തിലധികമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം.

ഞായറാഴ്ച രാത്രി ഒമ്പതുമണിവരെ മാതാപിതാക്കളോടൊപ്പം സനല്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.  തിങ്കളാഴ്ച രാവിലെ സനല്‍ ബെംഗളൂരുവില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു.

കൊലപാതകം നടന്ന സ്ഥലത്ത് മോഷണശ്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. കൊലപാതകം നടത്താനുപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കാനായിട്ടില്ല. മലമ്പുഴ ഇന്‍സ്‌പെക്ടര്‍ സുനില്‍കൃഷ്ണനാണ് അന്വേഷണച്ചുമതല.

Content Highlights : Son who escaped after brutally murdered parents has been arrested