കണ്ണൂര്‍: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗകേസിലെ പ്രതിയായ നിഖില്‍ ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന സംഭവം പുറത്തറിഞ്ഞതോടെ യുവജനസംഘടന പീഡനം നടന്ന ലോഡ്ജിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഇയാള്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യമാണ് പുറത്തായത്‌.

കേസില്‍ നിഖിലിനെ കൂടാതെ മറ്റൊരു സിപിഎം പ്രാദേശിക നേതാവ് കൂടി പൊലീസ് കസ്റ്റഡിയിലുണ്ട് എന്നും സൂചനയുണ്ട്. ഇയാളുടെ സഹായത്തോടെ് നിഖില്‍ പൊലീസിനെ ഭീഷണപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവും നിലനില്‍ക്കുന്നു.

കേസില്‍ നേരത്തെ അറസ്റ്റിലായവരെ കൂടാതെ പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴുപേരുടെ അറസ്റ്റ് കൂടി  പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിഖിലിനെ കൂടാതെ ആന്തൂര്‍ സ്വദേശി എം മൃദുല്‍, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.

കേസില്‍ അഞ്ച് പേരെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. ആകെ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ണൂര്‍ സ്വദേശികളായ കെ വി സന്ദീപ്, സി പി ഷംസുദ്ദീന്‍, വി സി ഷബീര്‍, കെ വി അയൂബ് എന്നിവരെയും കൂട്ടബലാല്‍സംഗം നടത്തുന്നതിന് കൂട്ട് നിന്ന കുറ്റത്തിന് ലോഡ്ജുടമ  കെ പവിത്രനെയും ആണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

നവംബര്‍ 19-ന് പകല്‍ പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സന്ദീപാണ് പെണ്‍കുട്ടിയെ പറശ്ശിനിക്കടവിലെത്തിച്ചത്. പ്രതികള്‍ നേരത്തേ പരിചയമുള്ളവരാണ്. സി.ഐ.ക്ക് ലഭിച്ച പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് മാത്രം മൂന്ന് കേസുകളുണ്ടാകുമെന്നാണ് അന്വേഷണസംഘത്തില്‍നിന്ന് ലഭിച്ച സൂചന.

അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍  ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ  സംഘം  അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു

പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് ഫെയ്സ്ബുക്കിലൂടെ ഒരു യുവതിയുമായി(വ്യാജ ഐഡി) സൗഹൃദമുണ്ടായിരുന്നു. പിന്നീട് ഇവരുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയ യുവാവുമായും പെണ്‍കുട്ടി സംസാരിച്ചു. നവംബര്‍ 13ന് പറശ്ശിനിക്കടവില്‍വച്ച് കാണാമെന്ന് പറഞ്ഞതനുസരിച്ച് പെണ്‍കുട്ടി അവിടെയെത്തി. ഇതിനിടെ കാറിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി സ്വകാര്യ ലോഡ്ജിലെത്തിച്ച് ബലാല്‍സംഗം ചെയ്തു. യാത്രയ്ക്കിടെ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിപ്പിച്ചാണ് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ചത്. ബലാത്സംഗത്തിനിടെ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും പകര്‍ത്തി. പിന്നീട് ഈ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. 

പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെ അമ്മ കാര്യങ്ങള്‍ കുട്ടിയോട് ചോദിച്ചറിയുകയായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടിയും മാതാവും വനിതാ സെല്ലിലെത്തി പരാതി നല്‍കിയതോടെയാണ്  പറശ്ശിനിക്കടവിലെ കൂട്ടബലാത്സംഗത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്.

content highlights: parassinikkadavu rape , involvement of DYFI leader Nikhil