കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍പേര്‍ കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ  അച്ഛന്‍, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ എന്നിവരുള്‍പ്പെടെ  എട്ടുപേരെയാണ്  തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍പേര്‍ പിടിയിലായത്. 

പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് ഫെയ്‌സ്ബുക്കിലൂടെ ഒരു യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. പിന്നീട് ഇവരുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയ യുവാവുമായും പെണ്‍കുട്ടി സംസാരിച്ചു. നവംബര്‍ 13ന് പറശ്ശിനിക്കടവില്‍വച്ച് കാണാമെന്ന് പറഞ്ഞതനുസരിച്ച് പെണ്‍കുട്ടി അവിടെയെത്തി. ഇതിനിടെ കാറിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. യാത്രയ്ക്കിടെ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിപ്പിച്ചാണ് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ചത്. ബലാത്സംഗത്തിനിടെ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും പകര്‍ത്തി. പിന്നീട് ഈ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. 

കഴിഞ്ഞദിവസം പെണ്‍കുട്ടിയും മാതാവും വനിതാ സെല്ലിലെത്തി പരാതി നല്‍കിയതോടെയാണ്  പറശ്ശിനിക്കടവിലെ കൂട്ടബലാത്സംഗത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. ഇതിനിടെ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ പിതാവടക്കമുള്ളവര്‍ നേരത്തെ പീഡനത്തിനിരയാക്കിയതും പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ വ്യത്യസ്ത കേസുകളായി ആകെ 19 പ്രതികളുണ്ട്. തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Content Highlights: parassinikkadavu gang rape case, police booked case against more culprits