കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശികളായ കെ.വി. സന്ദീപ്, ശംസുദ്ദീന്‍, അയ്യൂബ്, ഷബീര്‍, പവിത്രന്‍ എന്നിവരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസില്‍  പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ലോഡ്ജ് ജീവനക്കാരന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. 

നവംബര്‍ 13നാണ്  പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രതികള്‍ക്ക് കാഴ്ചവെയ്ക്കുകയുമായിരുന്നു. പിന്നീട് ഈ ബലാത്സംഗദൃശ്യങ്ങള്‍  പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി  വീണ്ടും പെണ്‍കുട്ടിയെ  പീഡനത്തിനിരയാക്കി. കഴിഞ്ഞദിവസം പെണ്‍കുട്ടിയും മാതാവും കണ്ണൂര്‍ വനിതാ സെല്ലിലെത്തി പരാതി നല്‍കിയതോടെയാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. 

ഏകദേശം ഇരുപതിലേറെ പേര്‍ തന്നെ വിവിധയിടങ്ങളില്‍വച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. പറശ്ശിനിക്കടവ് ലോഡ്ജിലെ കൂട്ടബലാത്സംഗത്തിന് പുറമേ മറ്റിടങ്ങളില്‍വച്ച് സ്വന്തം പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തില്‍ പെണ്‍കുട്ടിയുമായി ഫെയ്‌സ്ബുക്ക് സൗഹൃദം സ്ഥാപിച്ച സ്ത്രീയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുള്‍പ്പെടെ പത്തോളംപേര്‍ വിവിധകേസുകളിലായി ഉടന്‍ അറസ്റ്റിലായേക്കും. 

Content Highlights: parassinikadavu gang rape case; five arrested and investigation is still going on