ലുധിയാന: അരുണാചൽ പ്രദേശിലെ കോൺഗ്രസ് എം.എൽ.എയെയും അരുണാചലിലെ ജനങ്ങളെയും വംശീയമായി അധിക്ഷേപിക്കുന്ന രീതിയിൽ പരാമർശം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. പഞ്ചാബ് ലുധിയാന സ്വദേശി പരാസ് സിങ്ങ് എന്ന ബണ്ടിയെയാണ് ലുധിയാന പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

യൂട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുമായ പരാസ് സിങ്, പരാസ് ഒഫീഷ്യൽ എന്ന തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെയാണ് വിവാദപരാമർശം നടത്തിയത്. അരുണാചലിലെ കോൺഗ്രസ് എം.എൽ.എ. നിനോങ് എറിങ് ഇന്ത്യക്കാരനല്ലെന്നും അരുണാചൽ ചൈനയുടെ ഭാഗമാണെന്നുമായിരുന്നു യുവാവ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഈ പരാമർശം അരുണാചൽ പ്രദേശിൽ വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. തുടർന്ന് അരുണാചൽ പ്രദേശ് പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ലുധിയാന പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

വീഡിയോക്കെതിരേ പ്രതിഷേധം ശക്തമായതോടെ പരാസ് സിങ് മാപ്പ് ചോദിച്ച് മറ്റൊരു വീഡിയോയും പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് പുറത്തുവിട്ട് മണിക്കൂറുകൾക്കകം പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു.

പരാസ് സിങ്ങിനെ അറസ്റ്റ് ചെയ്തതായി കേന്ദ്രമന്ത്രി കിരൺ റിജിജ്ജുവും ട്വിറ്ററിലൂടെ അറിയിച്ചു. താൻ ലുധിയാന കമ്മീഷണറുമായി സംസാരിച്ചെന്നും യുവാവിനെ അരുണാചൽ പോലീസിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരാസ് സിങ്ങിന് യൂട്യൂബിൽ മാത്ര നാലരലക്ഷത്തോളം സബ്സ്ക്രൈബേഴ്സാണുള്ളത്. വീഡിയോ ഗെയിമുകളെ സംബന്ധിച്ചുള്ള വീഡിയോകളും മറ്റുമാണ് ഇയാൾ പ്രധാനമായും യൂട്യൂബിൽ പോസ്റ്റ് ചെയ്യാറുള്ളത്.

Content Highlights:paras official youtuber paras singh arrested after racist remarks against arunachal