മൈസൂരു: മൈസൂരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ രണ്ടു മലയാളികളെകൂടി മൈസൂരു പോലീസ് അറസ്റ്റുചെയ്തു. ആദ്യം അറസ്റ്റിലായ ഷമീമിന്റെ കൂട്ടാളികളും കോഴിക്കോട് സ്വദേശികളുമായ അഷ്റഫ്, ജിതിൻ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഷമീമിനെ (26) ഞായറാഴ്ചയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെയും പിടികൂടിയത്.

മൈസൂരുവിലെ കെസരയിൽ വാടകവീട്ടിലാണ് ഷമീം സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്നത്. നഗരത്തിലെ എൻ.ആർ. മൊഹല്ല, യാദവഗിരി, കുംഭാരക്കൊപ്പൽ എന്നിവിടങ്ങളിലും എക്സ്ചേഞ്ച് നടത്താൻ പ്രതികൾ വീടുകൾ വാടകയ്ക്കെടുത്തിരുന്നു.

ഇവിടെ നടത്തിയ റെയ്‌ഡിൽ 15 സിം ബോക്സുകളും 16 വൈ-ഫൈ റൂട്ടറുകളും കണ്ടെടുത്തു. മൈസൂരുവിൽവെച്ചാണ് അഷ്റഫ്, ജിതിൻ എന്നിവരെ ഷമീം പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അന്താരാഷ്ട്ര കോളുകൾക്കുള്ള ഉയർന്ന നിരക്ക് മറികടക്കാൻ അവയെ ലോക്കൽ കോളുകളാക്കി മാറ്റിയാണ് പ്രതികൾ എക്സ്ചേഞ്ച് നടത്തിയിരുന്നത്.