കോഴിക്കോട്: കർണാടകയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന മലപ്പുറം സ്വദേശി ഇബ്രാഹിമിനെ കോഴിക്കോടെത്തിച്ചു. കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലും ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇബ്രാഹിമിനെ കോഴിക്കോടെത്തിച്ചത്. ഇയാളെ ഇന്നലെയായിരുന്നു കസ്റ്റഡിയിലെടുത്തിരുന്നത്.

കർണാകയിലെ ഏഴ് സ്ഥലങ്ങളിൽ ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചതാണ് ഇയാൾക്കെതിരേയുള്ള കേസ്. പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന ഇബ്രാഹിമിന് കോഴിക്കോട്ടെ കേസിലും പങ്കുണ്ടെന്ന് കോഴിക്കോട്ടേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ജുറൈസ് മൊഴി നൽകിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യാനായി ഇബ്രാഹിമിനെ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് സംഘം പ്രൊഡക്ഷൻ വാറണ്ട് നൽകിയത്. സൈനിക രഹസ്യം ചോർത്തിയതിന് ഇയാൾക്കെതിരേ മിലിറ്ററി ഇന്റലിജൻസിന്റെ മറ്റൊരു കേസുമുണ്ട്. ഇയാളെ ഇന്ന് വൈകുന്നേരത്തോടെ കോഴിക്കോട് കോടതിയിൽ ഹാജരാക്കും. ഇബ്രാഹിമിന് ഐ.എസുമായി ബന്ധമുണ്ടെന്നും ബെംഗളൂരു പോലീസ് സംശയിക്കുന്നതായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇബ്രാഹിമാണ് കോഴിക്കോട്ടേക്ക് സമാന്തര ടെലിഫോൺ എക്സചേഞ്ചിനാവശ്യമായ നൂറിലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇയാളെ ചോദ്യം ചെയ്താൽമാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. അതേസമയം ഭാഷ തടസ്സമായതിനാൽ കർണാടക പോലീസിന് കൂടുതൽ വിവരങ്ങളൊന്നും ഇയാളിൽനിന്ന് ലഭിച്ചിട്ടില്ല.

ഇബ്രാഹിം 2007-ൽ കോട്ടയ്ക്കൽ പോലീസ് സ്റ്റേഷൻ അക്രമിച്ച കേസിൽ പ്രതിയാണെന്നും ക്രൈംബ്രാഞ്ച്‌ പറഞ്ഞു. കർണാടക ഭീകരവിരദ്ധ സ്ക്വാഡ് മലപ്പുറത്തെത്തി സംസ്ഥാന ഭീകരവിരദ്ധ സ്ക്വാഡുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. കോഴിക്കോട് നിന്ന് കണ്ടെത്തിയ 730 സിം കാർഡുകൾ, സിം സ്ലോട്ടുകളുള്ള 26 ബോക്സുകൾ, റൂട്ടറുകൾ, ഇൻവെർട്ടറുകൾ, കോൾസെന്ററുകളിൽ ഉപയോഗിക്കുന്ന വിലപിടിച്ച വിവിധ ഉപകരണങ്ങൾ എന്നിവയിൽ പലതും ബെംഗളുരുവിൽ നിന്ന് വാങ്ങിയവയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ കോഴിക്കോട് സ്വദേശികളായ സബീർ, പ്രസാദ് എന്നിവർ ഒളിവിലാണ്. ഇരുവർക്കുംവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇവർക്കാണ് പ്രധാന പങ്കുള്ളതെന്നാണ് വിലയിരുത്തൽ. സബീർ മുമ്പും സമാനമായ കേസിൽ അറസ്റ്റിലായിരുന്നു.

സമാന്തര ടെലഫോൺ എക്സ്ചേഞ്ചിലെ ജീവനക്കാരനായി പ്രവർത്തിച്ച കൊളത്തറ പാണ്ടികശാല പി. ജുറൈസ്(26) നേരത്തെ പിടിയിലായിരുന്നു.