ചാലക്കുടി: കൊരട്ടിയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടയ്ക്കല്‍ പുന്നക്കോട്ടില്‍ മുഹമ്മദ് സലിമാ(35)ണ് അറസ്റ്റിലായത്.

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തി തട്ടിപ്പു നടത്തിയതിനുപുറമേ കള്ളനോട്ടടിച്ചതിനുമാണ് തെലങ്കാനയില്‍ ഇയാള്‍ക്കെതിരേ കുറ്റപത്രമുള്ളത്. കൊരട്ടി കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ കോടതിയില്‍ അപേക്ഷ നല്‍കി തെലങ്കാന പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് സമാന്തര എക്സ്ചേഞ്ചും കള്ളനോട്ടടിയും നടത്തിയതെന്നാണ് വിവരം. കൊരട്ടിയിലെ കേസില്‍ അറസ്റ്റിലായത് മുഹമ്മദ് സലിമുള്‍പ്പെടെ നാലുപേരാണ്. ഭീകരവിരുദ്ധ സ്‌ക്വാഡ് പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഈ വഴിക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.