പാലക്കാട്: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പാലക്കാട്ടും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ (എം.എ.) ടവറിലെ വാടകമുറിയിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയും പാലക്കാട് നോര്‍ത്ത് പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. അന്വേഷണസംഘം മുറിയുടെ പൂട്ടുതകര്‍ത്താണ് അകത്തുകയറിയത്. ഇവിടെനിന്ന് എട്ട് സിം കാര്‍ഡുകളും 32 ഉപയോഗിച്ച സിം ബോക്‌സുകളും കണ്ടെത്തി.

സമാനമായ കേസില്‍ കോഴിക്കോട്ട് പിടിയിലായ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉണ്ടെന്ന വിവരം കിട്ടിയതെന്നാണ് സൂചന. ഈ ടവറില്‍ ഒരു ആയുര്‍വേദ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നതായി പോലീസ് പറഞ്ഞു.

ഇതിന്റെ മറവില്‍ എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചതായാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ പിടിയിലായ കോഴിക്കോട് സ്വദേശിയാണ് മുറി വാടകയ്‌ക്കെടുത്ത് നല്‍കിയതെന്നും സൂചനയുണ്ട്. ഇതേത്തുടര്‍ന്ന് ആയുര്‍വേദ സ്ഥാപനം നടത്തിവരുന്ന കുളവന്‍മുക്ക് സ്വദേശിയെയും ചോദ്യംചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

telephone exchange palakkad
പിടിച്ചെടുത്ത സിംകാര്‍ഡുകളും റൂട്ടറും | ഫോട്ടോ: ഇ.എസ്.അഖില്‍/മാതൃഭൂമി

ചൊവ്വാഴ്ച വൈകീട്ടോടെയാണ് പരിശോധന നടത്തിയത്. മുമ്പ് തൃശ്ശൂര്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളിലും സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കണ്ടെത്തിയിരുന്നു.