വിളപ്പില്‍ശാല: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പറക്കുംതളിക ബൈജുവിനെ വീടിനു മുന്നിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത് നാലംഗ സംഘമെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഗുണ്ടാനേതാവും മോഷ്ടാവുമായ ഉറിയാക്കോട് പൊന്നെടുത്തകുഴി കോളൂര്‍മേലെ പുത്തന്‍വീട്ടില്‍ ജയിന്‍വിക്ടറെന്ന പറക്കുംതളിക ബൈജു(42)വിനെ ആക്രമിച്ചത് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട സംഘമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. 

കഴിഞ്ഞ ജനുവരിയില്‍ ബൈജു ബന്ധുവായ യുവാവിനെ റോഡിലിട്ടു വെട്ടുകയും സ്ഥലത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതില്‍ പരിക്കേറ്റയാളും സംഘവുമാണ് ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലെന്ന് വിളപ്പില്‍ശാല പോലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് ആക്രമണമുണ്ടായത്. 2018-ല്‍ ഉറിയാക്കോട് നെടിയവിളില്‍ ബൈജുവിനെ ഒരുസംഘം ആക്രമിച്ചിരുന്നു. അവശനിലയിലായ ബൈജുവിനെ പോലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിടികിട്ടാപ്പുള്ളിയായ ഇയാള്‍ പോലീസിനെ വെട്ടിച്ച് അന്നു രാത്രി ആശുപത്രിയില്‍നിന്നു മുങ്ങി പോലീസിനെ വെട്ടിലാക്കിയത് വിവാദമായിരുന്നു.