വിളപ്പില്‍ശാല: പറക്കുംതളിക ബൈജുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച നാലംഗ സംഘത്തില്‍ മൂന്നുപേര്‍കൂടി പോലീസിന്റെ പിടിയിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളേയും വിളപ്പില്‍ശാല പോലീസ് അറസ്റ്റുചെയ്തു. കൊണ്ണിയൂര്‍ നെടിയവിള കടുക്കാമല ടി.എസ്.എല്‍. ഭവനില്‍ അനു എന്നുവിളിക്കുന്ന എസ്.ലിജോസൂരി(31), പൊന്നെടുത്തകുഴി കത്തോലിക്കാ പള്ളിക്കുസമീപം ബെഥേല്‍ മന്ദിരത്തില്‍ ഡാനി എന്നുവിളിക്കുന്ന എസ്.സാജന്‍ സ്റ്റീഫന്‍(25), ഇയാളുടെ സഹോദരന്‍ ജസ്റ്റിന്‍ എന്നുവിളിക്കുന്ന എസ്.സാംജി സ്റ്റീഫന്‍(28) എന്നിവരാണ് പിടിയിലായത്. 

ഇതില്‍ സഹോദരന്മാരായ സാജനും സാംജിയും ഒന്നാം പ്രതി ഉറിയാക്കോട് പൊന്നെടുത്തകുഴി മലങ്കരപ്പള്ളിക്കു സമീപം ബഥേല്‍ മന്ദിരത്തില്‍ സത്യന്‍ എന്നുവിളിക്കുന്ന എന്‍.സ്റ്റീഫന്‍സണിന്റെ മക്കളാണ്. സ്റ്റീഫന്‍സണ്‍ കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായി. 

ഗുണ്ടാനേതാവും മോഷ്ടാവുമായ ഉറിയാക്കോട് പൊന്നെടുത്തകുഴി കോളൂര്‍മേലെ പുത്തന്‍വീട്ടില്‍ ജയിന്‍വിക്ടറെന്ന പറക്കുംതളിക ബൈജു(42)വിനെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വീടിനുമുന്നിലിട്ട് നാലംഗ സംഘം വെട്ടി പ്പരിക്കേല്‍പ്പിച്ചത്. തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റ ബൈജു മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ബൈജുവിനെ ആക്രമിച്ച കേസില്‍ പിടിയിലായവരെല്ലാം അയാളുടെ അടുത്ത ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. വിളപ്പില്‍ശാല എസ്.എച്ച്.ഒ. അനീഷ് കരീം, എസ്.ഐ. വി.ഷിബു, എന്നിവരുടെ നേതൃത്വത്തിലെ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.