തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധംകെടുത്തിയ ശേഷം കവര്‍ച്ച നടത്തിയ പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍. പാന്‍ട്രി ജീവനക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി തൗസിഫിനെയാണ് തിരുവനന്തപുരം റെയില്‍വേ പോലീസ് പിടികൂടിയത്. യാത്രക്കാരിയുടെ മൊബൈല്‍ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്.

15,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ഇയാള്‍ ഇതില്‍ സ്വന്തം സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ചുവരികയായിരുന്നു. യാത്രക്കാരി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സെപ്തംബര്‍ 11-നായിരുന്നു കേസിനാസ്പദമായ സംഭവം.

നിസാമുദ്ദീന്‍-തിരുവനന്തപുരം സ്വര്‍ണജയന്തി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന കൗസല്യ എന്ന യാത്രക്കാരിയുടെ 15,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാണ് കേസ്. നഷ്ടപ്പെട്ട ഫോണ്‍ സിം കാര്‍ഡ് മാറ്റി ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതാണ് നിര്‍ണായകമായത്.

Content Highlights: pantry staff arrested in robbing lady passenger