കോഴിക്കോട്: സി.പി.എമ്മില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന രണ്ട് ചെറുപ്പക്കാര്‍. എസ്.എഫ്.ഐയെ നെഞ്ചോട് ചേര്‍ത്ത് സമരമുഖങ്ങളില്‍ സജീവമായിരുന്ന അലനും താഹയും. ഒരു സുപ്രഭാതത്തില്‍ മാവോയിസ്റ്റുകളായി മുദ്ര കുത്തപ്പെട്ട് ജയിലറകളില്‍ അകപ്പെട്ടപ്പോള്‍ കേരളമൊന്നാകെ പറഞ്ഞു. ഇത് നീതിയല്ല. കുട്ടികള്‍ക്കായി കോഴിക്കോട്ടെ അമ്മമാര്‍ രാപ്പകല്‍ തെരുവില്‍ സമരമിരുന്നു. പുസ്തകം വായിച്ചാല്‍, നോട്ടീസുകള്‍ കൈവശം വെച്ചാല്‍ എങ്ങനെ മാവോയിസ്റ്റാകുമെന്ന അലന്‍ ഷുഹൈബിന്റേയും താഹ ഫസലിന്റേയും അമ്മമാരുടെ ചോദ്യങ്ങളെ കണ്ടത് പോലും  നടിച്ചില്ല സര്‍ക്കാര്‍.

അവര്‍ മാവോയിസ്റ്റുകള്‍ തന്നെയെന്ന് മുഖ്യമന്ത്രി പോലും ഉറപ്പിച്ചു പറഞ്ഞു. മനസ്സില്ലാ മനസ്സോടെ പലര്‍ക്കും മുഖ്യമന്ത്രിയുടെ വാക്കിനെ പിന്തുണക്കേണ്ടിയും  വന്നു. രണ്ട് വര്‍ഷത്തിനിപ്പുറം താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും  അലന്‍ ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന എന്‍.ഐ.എ. ആവശ്യം തള്ളുകയും ചെയ്തതോടെ രണ്ട് യുവാക്കളെ മാവോയിസ്റ്റുകളായി മുദ്ര കുത്തി ഒറ്റപ്പെടുത്തിയതിന് സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരും. 

യു.എ.പി.എ. കരിനിയമമാണെന്നും ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പറഞ്ഞ് നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തിയ സി.പി.എമ്മിനെ വലിയ പ്രതിരോധത്തിലാക്കിയതായിരുന്നു 2019 നവംബര്‍ ഒന്നിലെ പന്തീരങ്കാവ് യു.എ.പി.എ. കേസ്. തങ്ങളുടെ സജീവ പ്രവര്‍ത്തകരായ രണ്ട് ചെറുപ്പക്കാരെ കേരള പോലീസ് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ആദ്യം അറസ്റ്റ് ചെയ്തപ്പോള്‍ അവരെ തള്ളാനും കൊള്ളാനുമാവാതെയായി നേതൃത്വം. കേസ് എന്‍.ഐ.എ. ഏറ്റെടുത്തപ്പോഴും സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്താല്‍ അലനേയും താഹയേയും ജില്ലാ നേതൃത്വത്തിന് അപ്പാടെ തള്ളിക്കളയാന്‍ കഴിഞ്ഞിരുന്നില്ല.

UAPA
കോഴിക്കോട് അമ്മമാര്‍ നടത്തിയ സമരം

പിടിക്കപ്പെട്ട രണ്ടു പേര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം പറഞ്ഞപ്പോഴും അതിനെ പൂര്‍ണ മനസ്സോടെയല്ല പ്രവര്‍ത്തകര്‍ അന്ന് അംഗീകരിച്ചത്. യു.എ.പി.എ. കരിനിയമമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞ പി. ജയരാജന്‍ പോലും പന്തീരങ്കാവ് യു.എ.പി.എ. കേസിനെ അംഗീകരിക്കുമ്പോള്‍ സി.പി.എമ്മിനെ സംബന്ധിച്ച് നല്ല യു.എ.പി.എയും ചീത്ത യു.എ.പി.എയും ഉണ്ടെന്ന ആരോപണവും കേള്‍ക്കേണ്ടി വന്നു.

തങ്ങള്‍ മാവോയിസ്റ്റുകളാണെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നായിരുന്നു മാധ്യമങ്ങളോട് ഒരിക്കല്‍ അലന്‍ ഷുഹൈബ് പ്രതികരിച്ചത്. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവരെ രാജ്യദ്രോഹികൾ ആക്കുന്നവര്‍ക്കെതിരേ ശക്തമായി ശബ്ദമുയര്‍ത്തേണ്ട തങ്ങളുടെ പ്രസ്ഥാനംതന്നെ, പുസ്തകവും ലഘുലേഖയും കയ്യില്‍ വെച്ചതിന്റെ പേരില്‍ രണ്ടു കുട്ടികളെ മാവോയിസ്റ്റുകളാക്കുന്നതില്‍ വലിയ വേദനയുണ്ടായെന്ന അലന്റെ അമ്മയുടെ പ്രതികരണവും വലിയ ചര്‍ച്ചയായിരുന്നു.

UAPA

ആദ്യം അലനും താഹയും മാവോയിസ്റ്റുകളല്ലെന്ന് പറഞ്ഞ സി.പി.എം. ജില്ലാ നേതൃത്വം പോലും പിന്നീട് പൊതുയോഗങ്ങളിലടക്കം ഇവരെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത് മുഖ്യമന്ത്രിയുടെ വാദത്തിന് പിന്തുണ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. പന്തീരങ്കാവ് യു.എ.പി.എ. വിഷയത്തില്‍ സി.പി.എം. രണ്ട് തട്ടിലാണെന്ന പ്രചാരണം വന്നതോടെ അത് പരമാവധി മുതലാക്കാന്‍ പ്രതിപക്ഷം രംഗത്തെത്തിയതും പ്രതിപക്ഷ നേതാവടക്കം ഇരുവരുടെയും വീട് സന്ദര്‍ശിച്ചതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. 

നിരപരാധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ വലിയ സമരം തന്നെ നടന്നു കോഴിക്കോട്ട്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കം മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് പരസ്യമായി രംഗത്തുവന്നു. യുവജനങ്ങളില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍നിന്നും വലിയ പ്രതികരണമുണ്ടായി. പക്ഷെ നിലപാട് മാറ്റാന്‍ സര്‍ക്കാരോ സി.പി.എമ്മോ തയ്യാറായില്ല.

ലഘുലേഖയും പുസ്തകവും കണ്ടെടുത്തതു കൊണ്ടു മാത്രം ഒരാള്‍ മാവോയിസ്റ്റാവില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടായത് 2015-ല്‍ ശ്യാം ബാലകൃഷ്ണനെന്ന വയനാട്ടുകാരന്റെ കേസ് പരിഗണിച്ചപ്പോഴായിരുന്നു. വയനാട്ടില്‍വെച്ച് മാവോയിസ്റ്റാണെന്ന് ആരോപിച്ച് യു.എ.പി.എ. ആരോപിച്ച കേസ് ഹൈക്കോടതി അന്ന് റദ്ദ് ചെയ്യുകയുംചെയ്തു. പോലീസിന് ശക്തമായ താക്കീത് നല്‍കിയതിനൊപ്പം ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതെല്ലാം മുന്നില്‍ നില്‍ക്കുമ്പോഴും പോലീസ് പറയുന്നത് കേട്ടു മാത്രം രണ്ടു വിദ്യാര്‍ഥികളെ മാവോയിസ്റ്റ് മുദ്രകുത്തിയതാണ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.

UAPA

എന്തായാലും, പോലീസ് ഭാഷ്യം മാത്രമല്ല ഒരാളെ മാവോയിസ്റ്റ് ആക്കി മുദ്രകുത്തുന്നതിനുള്ള മാനദണ്ഡമെന്ന് അലന്‍-താഹ കേസിലും കോടതി പറയുമ്പോള്‍, ഭരണകൂടം സ്വേച്ഛാധിപതികളാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമുള്ള അലന്റെ അമ്മ സബിത മഠത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ വാക്കുകളാണ് വീണ്ടും ഓര്‍മയില്‍ വരുന്നത്.

പലരും ഒറ്റപ്പെടുത്തി, വിദ്യാഭ്യാസം മുടക്കി-  താഹയുടെ കുടുംബം

അറസ്റ്റിന് ശേഷം തങ്ങളേയും കുടുംബത്തേയും പലരും ഒറ്റപ്പെടുത്തിയെന്നും എന്നാല്‍ അതിനേക്കാള്‍ ഏറെ ആളുകള്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും താഹ ഫസലിന്റെ സഹോദരന്‍ ഇജാസ് പറഞ്ഞു. സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ ജാമ്യം ലഭിക്കുമെന്ന തോന്നലുണ്ടായിരുന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഇജാസ് ചൂണ്ടിക്കാട്ടി. അതേസമയം വലിയ പോരാട്ടമാണ് ജയിച്ചതെന്ന് ഉമ്മ ജമീലയും പ്രതികരിച്ചു. താഹയുടെ വിദ്യാഭ്യാസം മുടങ്ങിയതിലാണ് സങ്കടം. പുസ്തകങ്ങളും മറ്റുമെല്ലാം അയച്ച് കൊടുത്തിരുന്നുവെങ്കിലും പഠിക്കാനുളള സൗകര്യമില്ലെന്നാണ് കഴിഞ്ഞ ദിവസവും  പറഞ്ഞത്. ഇനിയെല്ലാം നേരെയാവുമെന്ന പ്രതീക്ഷയിലാണുള്ളതെന്നും കുടുംബം പറഞ്ഞു. ഇരുവരും സി.പി.ഐ. മാവോയസ്റ്റ് പാര്‍ട്ടി അംഗങ്ങളാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്നുമായിരുന്നു എന്‍.ഐ.എ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. 

Content Highlights: Pantheerankavu UAPA Thaha Fasal Alan Shuhaib