കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശിക നേതാവായ സ്‌കൂള്‍ അധ്യാപകന്‍ പിടിയിലായി. പാനൂര്‍ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജനെയാണ് ബുധനാഴ്ച ഉച്ചയോടെ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. 

ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പത്മരാജനെ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. പോലീസിന്റെ അലംഭാവത്തിനെതിരെ സാമൂഹികമാധ്യമങ്ങളിലടക്കം പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും പ്രതിഷേധ കമന്റുകള്‍ നിറഞ്ഞു. ഇതിനുപിന്നാലെയാണ് തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പോലീസ് പിടികൂടിയത്. 

സ്‌കൂള്‍ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിപ്പിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. തലശ്ശേരി ഡിവൈഎസ്പിക്കാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ പ്രതിയായ പത്മരാജന്‍ ഒളിവില്‍ പോവുകയായിരുന്നു. 

 

Content Highlights: panoor rape case; accused bjp leader arrested in kannur