തലശ്ശേരി: ഏതെങ്കിലും ലീഗ് പ്രവര്‍ത്തകന് തിരിച്ചടി നല്‍കാനുള്ള ഗൂഢാലോചനയാണ് മുസ്ലിമ ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര മുക്കില്‍പീടിക പാറാല്‍ മന്‍സൂറിന്റെ (20) കൊലപാതകത്തില്‍ കലാശിച്ചത്. അന്വേഷണസംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്.

സംഭവദിവസം ഉച്ചയ്ക്ക് നന്നാടത്ത്പീടികയില്‍വെച്ച് സി.പി.എം. പ്രവര്‍ത്തകരായ ദാമോദരന്‍, സ്വരൂപ് എന്നിവരെ ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുപരിക്കേല്‍പ്പിച്ചു. അതിനുശേഷം നന്നാടത്ത്പീടിക, മുക്കില്‍പീടിക, കൊച്ചിയങ്ങാടി, ഓച്ചിറക്കല്‍പീടിക എന്നിവിടങ്ങളിലെ സി.പി.എം പ്രവര്‍ത്തകര്‍ നേരിട്ടും ഫോണ്‍ മുഖേനയും ബന്ധപ്പെട്ടാണ് തിരിച്ചടി നല്‍കാന്‍ ഗൂഢാലോചന നടത്തിയത്.

കേസിലെ 11-ാംപ്രതി എ.പി.പ്രശോഭ് ബോംബ് എത്തിച്ചു. നാലാംപ്രതി കെ.കെ.ശ്രീരാഗിന് കൊടുത്തു. പത്താംപ്രതി വിപിന്‍ എന്ന കുട്ടനാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ മന്‍സൂറിന്റെ ഇടതുകാല്‍ മുട്ടിന് പിറകില്‍ പരിക്കേറ്റു. മന്‍സൂറിന്റെ സഹോദരന്‍ പി.മുഹസിനെയാണ് അക്രമിസംഘം ആദ്യം അക്രമിച്ചത്.

അക്രമം കണ്ട് സ്ഥലത്തെത്തിയ മന്‍സൂറിനെ ബോംബെറിയുകയായിരുന്നു. കേസില്‍ 112 സാക്ഷികളാണുള്ളത്.പി.പി.റഫീഖാണ് ഒന്നാംസാക്ഷി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പി.വിക്രമന്‍ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം നല്‍കിയത്.

രാഷ്ട്രീയ വിരോധംമൂലം സി.പി.എം. പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ 12 പ്രതികളില്‍ പത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരു പ്രതി ഒളിവിലാണ്.

രണ്ടാംപ്രതി രതീഷ് സംഭവശേഷം മരിച്ചു. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യംചെയ്യല്‍, ആയുധനിയമം, അന്യായമായി സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് ഉച്ചയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. വൈകീട്ട് ബേംബേറില്‍ പരിക്കേറ്റ മന്‍സൂര്‍ ഏഴിന് പുലര്‍ച്ചെ മരിച്ചു.