പാനൂര്‍: കല്ലായി അനീഷിന്റെ രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ടു സ്ഥാപിച്ച സി.പി.എം. കൊടിമരത്തില്‍ റീത്തുവെച്ചതായി പരാതി. ആര്‍.എസ്.എസ്. ആണ് പിന്നിലെന്ന് സി.പി.എം. ആരോപിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി പുത്തൂര്‍ ലോക്കലിലെ പുത്തൂര്‍ ബ്രാഞ്ച് സദ്ദാം മുക്കില്‍ ഉയര്‍ത്തിയ കൊടിമരത്തിലാണ് ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ റീത്ത് പ്രത്യക്ഷപ്പെട്ടത്.

അനീഷിന്റെ പടത്തിന്റെ മുകളില്‍ കെട്ടിത്തൂക്കിയ റീത്തില്‍ അടുത്തത് തയ്യാറായിക്കോ എന്നെഴുതിയ കടലാസും പതിച്ചിട്ടുണ്ട്. ഒരു സംഘര്‍ഷവുമില്ലാതെ മേഖലയില്‍ പ്രകോപനമുണ്ടാക്കി ബോധപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസ്. ശ്രമം തിരിച്ചറിയണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ആര്‍.എസ്.എസ്. പിന്തിരിയണമെന്നും സി.പി.എം. പുത്തൂര്‍ ലോക്കല്‍ സെക്രട്ടറി ടി.വി.കുഞ്ഞിക്കണ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ആര്‍.എസ്.എസ്. പുത്തൂര്‍ ശാഖാ ശിക്ഷക് കുറുക്കൂണ്ടാങ്കണ്ടിയില്‍ സായന്തിന്റെ വീടിന്റെ ഉമ്മറപ്പടിയില്‍ റീത്തുവെച്ചതായാണ് പരാതി. ഞായറാഴ്ച രാവിലെയാണ് റീത്ത് ശ്രദ്ധയില്‍പ്പെട്ടത്. കരുതിയിരുന്നോ എന്ന ഭീഷണിക്കുറിപ്പും ഇതോടൊപ്പമുണ്ട്.

സായന്തിന്റെ ജ്യേഷ്ഠന്‍ സന്ദീപ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 13-ാം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് അഡ്വ. ഷിജിലാല്‍, വി.പി.ഷാജി, കെ.സി.ജിയേഷ്, കെ.സുവീണ്‍, കെ.സി.വിഷ്ണു, രജിലേഷ്, മിഥുന്‍ ലാല്‍, സുഭാഷ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

വ്യാജ പരാതി നല്‍കി സംഘര്‍ഷമുണ്ടാക്കാന്‍ സി.പി.എം. ശ്രമമെന്ന് ബി.ജെ.പി.

ന്യൂമാഹി: പെരിങ്ങാടി മങ്ങാട്ടെ സി.പി.എം. പ്രവര്‍ത്തകന്‍ സ്വന്തം വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്തും സ്വന്തം ഇരുചക്ര വാഹനം മുറ്റത്ത് മറിച്ചിട്ടും ബി.ജെ.പി.ക്കാര്‍ വീട് അക്രമിച്ചു എന്ന നിലയില്‍ വ്യാജ പരാതി നല്‍കി പ്രദേശത്ത് സംഘര്‍ഷം. ഉണ്ടാക്കാന്‍ സി.പി.എം. ശ്രമിക്കുകയാണെന്ന് ബി.ജെ.പി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ന്യൂമാഹി മങ്ങാട് പ്രദേശത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടികളും പ്രചാരണ സാമഗ്രികളും നിരന്തരം നശിപ്പിക്കുകയാണെന്ന് ഭാരവാഹികള്‍ പരാതിപ്പെട്ടു. ആഴ്ചകള്‍ക്ക് മുമ്പ് മങ്ങാട്ടെ ബി.ജെ.പി. ബൂത്ത് പ്രസിഡന്റ് സുനില്‍കുമാറിന്റെയും യുവമോര്‍ച്ച പ്രവര്‍ത്തകരുടെയും വീട്ടിന് നേരെ ബോംബെറിയുകയും വീടിന് നാശനഷ്ടം വരുത്തുകയും സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്ത സി.പി.എം. പ്രവര്‍ത്തകരെ പോലീസ് രക്ഷപ്പെടാന്‍ സഹായിക്കുകയാണെന്നും കുറ്റപ്പെടുത്തി.

പോലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നും അല്ലാത്തപക്ഷം സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് പ്രേംനാഥ് ചേലോട്ട്, ജനറല്‍ സെക്രട്ടറി ഷെറിന്‍ പുന്നോല്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

അപലപനീയം

പാനൂര്‍: ആര്‍.എസ്.എസ്. പുത്തൂര്‍ ശാഖാ ശിക്ഷക്കിന്റെ വീട്ടുപടിക്കല്‍ റീത്ത് വെച്ച സി.പി.എമ്മിന്റെ പ്രവൃത്തി നീചവും അപലപനീയവുമാണെന്ന് ബി.ജെ.പി. കുന്നോത്തുപറമ്പ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. പുത്തൂരില്‍ സമാധാനം ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സാമൂഹികദ്രോഹികളെ നിലയ്ക്കുനിര്‍ത്തണമെന്നും അധികൃതരോടാവശ്യപ്പെട്ടു. കെ. സുവീണ്‍ അധ്യക്ഷത വഹിച്ചു.