പാണ്ടിക്കാട്: കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് സജീവമാകുന്ന യുവാക്കളുടെ 'അന്തിത്താവളങ്ങൾ' പോലീസ് പൊളിച്ചുനീക്കി. രാത്രി യുവാക്കൾ ഒത്തു ചേരുന്ന ഇത്തരം താവളങ്ങൾ മദ്യപാന കേന്ദ്രങ്ങളാവുന്നുവെന്ന പരാതികളും ഉയർന്നുവന്നിരുന്നു. ഗ്രാമപ്രദേശങ്ങളിൽ പാതയോരങ്ങളിലും മറ്റും താത്‌കാലികമായി കെട്ടിയുണ്ടാക്കിയ ഇരിപ്പിടങ്ങളാണ് പോലീസ് പൊളിച്ചുനീക്കിയത്.

ചെറിയപെരുന്നാൾ ദിനത്തിൽ പോലീസ് പട്രോളിങ് നടത്തവെ ചെമ്പ്രശ്ശേരി ഒടോമ്പറ്റയിൽ ഷെഡിൽ ഇരിക്കുകയായിരുന്ന ആറ് യുവാക്കൾക്ക് 1000 രൂപ വീതം പോലീസ് പിഴയിട്ടിരുന്നു. താക്കീതുനൽകി വിട്ടയച്ചെങ്കിലും വൈകീട്ട് വീണ്ടും പട്രോളിങ് നടത്തവെ ഇതേ ഷെഡിൽ യുവാക്കൾ ഇരിക്കുകയായിരുന്നു. ഇതോടെയാണ് സി.െഎ. അമൃതരംഗന്റെ നേതൃത്വത്തിലുള്ള പോലീസ് ഷെഡ് പൊളിച്ചുമാറ്റിയത്. സംഭവം സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ പോലീസിന് നിരവധി ഫോൺകോളുകൾ വന്നു. സ്ത്രീകളടക്കമുള്ളവർ വിളിച്ച് തങ്ങളുടെ നാട്ടിലും ഇത്തരത്തിൽ യുവാക്കൾ ഷെഡുകളിൽ കൂട്ടംകൂടുന്നുണ്ടെന്നായിരുന്നു പരാതി നൽകി. ഇതോടെ പന്തല്ലൂർ, മുടിക്കോട് തുടങ്ങിയ പ്രേദശങ്ങങ്ങളിലെ ഷെഡുകളും പൊളിച്ചുനീക്കിയതായി പോലീസ് പറഞ്ഞു.

പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടിയാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അനധികൃതമായി പാതയോരങ്ങളിൽ കെട്ടിയുണ്ടാക്കിയ ഷെഡുകൾ 'ഓപ്പറേഷൻ ക്ളീൻ ക്ലിയർ പാണ്ടിക്കാട്' എന്ന പദ്ധതിയിലൂടെ പൊളിച്ചുനീക്കുമെന്നും സി.െഎ. പറഞ്ഞു.