കുമ്പള: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പഞ്ചായത്ത് ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. ഹൊസങ്കടി മിയാപ്പദവിലെ അഭിജിത്തി (28)നെയാണ് അറസ്റ്റ് ചെയ്തത്. കുമ്പള പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ്. കുമ്പളയിലെ ഒരുസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 25-കാരിയാണ് പരാതിക്കാരി.

പോലീസ് പറയുന്നതിങ്ങനെ: മാതാവിന് സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ കാര്യങ്ങള്‍ അറിയാനായി യുവതി പഞ്ചായത്തിലെത്തിയിരുന്നു. നടപടിക്രമങ്ങളുടെ കാര്യം അറിയിക്കാമെന്ന് പറഞ്ഞ് യുവാവ് ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടു. പിന്നീട് യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിക്കുകയും വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയും യുവാവിന്റെ വീട്ടില്‍വെച്ചും പീഡിപ്പിച്ചു. 

ഇതിനുപിന്നാലെ പല കാരണങ്ങള്‍ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോയി. പ്രൊബേഷന്‍ പ്രഖ്യാപിക്കാനുണ്ട്, സഹോദരിയുടെ വിവാഹം നടക്കാനുണ്ട് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് പിന്മാറാന്‍ തുടങ്ങി.ഇതേത്തുടര്‍ന്ന് യുവതി കുമ്പള പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ പി.പ്രമോദ് പ്രതിയെ അറസ്റ്റുചെയ്തു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.