കാഞ്ഞങ്ങാട്: മംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച നിരോധിത പാന്‍മസാല ശേഖരം പിടിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഡോ.വി.ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കോട്ടച്ചേരിയില്‍ നടത്തിയ പരിശോധനയിലാണ് പാന്‍മസാല പിടിച്ചത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റിലായി. സി.അഫ്സല്‍(27), ഒ.മജീദ്(32), കെ.പി.അബ്ദുള്‍ അസീസ്(32) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസറ്റ് ചെയ്തത്.

ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും 8310 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചത്. മംഗളൂരുവില്‍ നിന്നും വാങ്ങി കോഴിക്കോട്ട് ചില്ലറ വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തു.

ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.ശ്രീജേഷ്, എ.എസ്.ഐ. അബൂബക്കര്‍ കല്ലായി, സ്‌ക്വാഡ് അംഗങ്ങളായ നികേഷ്, ജിനീഷ്, ജയേഷ്, സജിത്ത്, ഷാജന്‍ എന്നിവരാണ് പരിശോധന നടത്തിയത്.