തിരുവനന്തപുരം: പള്ളിപ്പുറത്തിന് സമീപം  ദേശീയപാതയില്‍ സ്വര്‍ണവ്യാപാരിയെ കാര്‍ തടഞ്ഞ് വെട്ടിപരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നിര്‍ണായക അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയും കവര്‍ച്ച നടത്തിയ ക്വട്ടേഷന്‍ സംഘത്തലവനുമായ ജാസിംഖാന്‍(28) കൂട്ടാളികളായ മംഗലപുരം എം.കെ നഗറില്‍ ബൈദുനൂര്‍ ചാരുമൂട് വീട്ടില്‍ അജ്മല്‍ (25) തോന്നയ്ക്കല്‍ കല്ലൂര്‍ മുഹമ്മദ്റാസി (23) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി.

മംഗലപുരം പോലീസും തിരുവനന്തപുരം റൂറല്‍ ഷാഡോ ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടാനായത്. നിരവധി വധശ്രമ,കവര്‍ച്ച കേസുകളിലെ പ്രതിയായ ജാസിംഖാനെതിരെ ജില്ലയില്‍ കഴക്കൂട്ടം, മംഗലപുരം,കല്ലമ്പലം, വര്‍ക്കല എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലും കേസുകള്‍ നിലവിലുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത് ഒളിവില്‍ പോയശേഷം നേരിട്ട് കോടതിയില്‍ കീഴടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. ഇത് മനസ്സിലാക്കിയ പോലീസ് കോടതിക്ക് പുറത്ത് തുടര്‍ച്ചയായി ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ആദ്യമായാണ് ഇയാള്‍ നേരിട്ട് പോലീസിന്റെ പിടിയിലാകുന്നത്.

സ്വര്‍ണം കവര്‍ന്നതിന് ശേഷം പ്രതികള്‍ ബെംഗളൂരുവിലേക്കും അവിടെനിന്ന് ഗോവയിലേക്കും കാര്‍ മാര്‍ഗ്ഗം  രക്ഷപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും കാറും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം ഇവരെ പിടികൂടാനായി കര്‍ണ്ണാടകയിലും ഗോവയിലും എത്തിയെങ്കിലും പ്രതികള്‍ അവിടെ നിന്നും മുംബൈയിലേക്ക് കടന്നു. കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ മുംബൈ അന്ധേരിയിലെ വിവിധയിടങ്ങളില്‍ അധോലോക സംഘങ്ങളുടെ സഹായത്തോടെ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. അന്ധേരിയിലെ ഒളിത്താവളം  അന്വേഷണസംഘം മനസ്സിലാക്കിയതറിഞ്ഞ് പ്രതികള്‍ തമിഴ്നാട് വഴി കേരളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്.

കവര്‍ന്ന സ്വര്‍ണം മുഖ്യപ്രതിയായ ജാസിംഖാനാണ് വിവിധ സംഘാംഗങ്ങള്‍ക്ക് വീതിച്ചുനല്‍കി വിറ്റതും പണയം വെച്ചതും. കണ്ടെത്താനുള്ള 60 പവനോളം സ്വര്‍ണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇയാളില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയാല്‍ കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണവും കണ്ടെത്താനാകും. രണ്ട് ദിവസം മുമ്പ് ഈ കേസിലെ മുഖ്യ ആസൂത്രകനും തമിഴ്നാട് ചെന്നൈയില്‍ താമസക്കാരനുമായ സന്തോഷിനെയും രണ്ട് കൂട്ടാളികളെയും പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതികളെ അന്വേഷണ സംഘത്തിന് പിടികൂടാനായത്.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി.കെ മധുവിന്റെ  നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ്ബാബുവിന്റെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ സുല്‍ഫിക്കറിന്റെയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. 

മംഗലപുരം പോലീസ് ഇന്‍സ്പെക്ടര്‍ എച്ച്.എല്‍.സജീഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മാരായ എസ്.ജയന്‍, ഫ്രാങ്ക്ളിന്‍, ഷാഡോ ഡാന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ എം.ഫിറോസ്ഖാന്‍ , എ.എസ്.ഐ മാരായ ബി.ദിലീപ് , ആര്‍.ബിജുകുമാര്‍, അനൂപ് എന്നിവരാണ് നാല് മാസത്തോളമായി പോലീസിന് പിടിതരാതെ മുങ്ങി നടന്ന പ്രതികളെ  പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായി കീഴടക്കുകയായിരുന്നു. കേസില്‍ 40 പവനോളം സ്വര്‍ണവും 73000 രൂപയും അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികള്‍ ഉപയോഗിച്ച ആറ് കാറുകളും രണ്ട് ബൈക്കുകളും പോലീസ് പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Content Highlights: pallippuram gold robbery main accused and two others arrested