കണ്ണൂര്‍: യുവമോര്‍ച്ച അഴീക്കോട് മണ്ഡലം സെക്രട്ടറി ശരത്തിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ശ്രീപുരം പുത്തന്‍പുരയില്‍ ശരത്തിനാണ്(27) തിങ്കളാഴ്ച അര്‍ധരാത്രിയോടെ വെട്ടേറ്റത്.

ശരത്തിനെയും സുഹൃത്ത് പള്ളിക്കുന്നിലെ താപ്പള്ളി പുഷ്പരാജിനെയും മൂകാംബിക ക്ഷേത്രത്തിലേക്കുള്ള റോഡില്‍ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നു. പുഷ്പരാജ് ഓടിരക്ഷപ്പെട്ട് സമീപത്തുള്ളവരെ വിവരമറിയിച്ചു. അവരെത്തുമ്പോഴേക്കും ശരത്തിന് അരയ്ക്കും കാലിനും തോളിലും വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

CPMകണ്ടാലറിയാവുന്ന 10 സി.പി.എം. പ്രവര്‍ത്തകര്‍ രാഷ്ട്രീയവൈരാഗ്യം കാരണം വാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നാണ് പുഷ്പരാജ് ടൗണ്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.

വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. സി.ഐ. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. അന്വേഷണം തുടങ്ങിയതായും ഉടന്‍ പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ.സഞ്ജയ് കുമാര്‍, ഡിവൈ.എസ്.പി. പി.പി.സദാനന്ദന്‍ തുടങ്ങിയവര്‍ ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. മേഖലാ കമ്മിറ്റി പള്ളിക്കുന്ന്, പൊടിക്കുണ്ട് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിച്ചു. പള്ളിക്കുന്നില്‍ പ്രതിഷേധപ്രകടനവും നടത്തി.

സംഭവത്തില്‍ ബി.ജെ.പി. അഴീക്കോട് മണ്ഡലം പ്രസിഡന്റ് കെ.എന്‍.വിനോദ് പ്രതിഷേധിച്ചു. കോര്‍പ്പറേഷന്‍, നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ജനപിന്തുണ കൂടിയതിലുള്ള അസഹിഷ്ണുതയാണ് ഈ അക്രമം. പള്ളിക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ബി.ജെ.പിയോട് അടുക്കുന്നത് നേതൃത്വത്തെ ഭീതിയിലാക്കിയതായും അദ്ദേഹം പറഞ്ഞു.