പാലക്കാട്: പെരുവെമ്പ് ചോറക്കോട് റോഡരികിലുള്ള ഒഴിഞ്ഞസ്ഥലത്ത് നാടിനെ ഞെട്ടിച്ചുനടന്ന കൊലപാതകത്തിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. സംഭവം നടക്കുന്നതിന് രണ്ടുനാള്‍മുമ്പുതന്നെ മുതലമട സ്വദേശിനി ജാന്‍ബീവിയെ (40) കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായി പ്രതി പല്ലശ്ശന അണ്ണക്കോട് ബഷീര്‍ (അയ്യപ്പന്‍-46) തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന്, പോലീസിനും തടിച്ചുകൂടിയ നാട്ടുകാര്‍ക്കും മുന്നില്‍ വെള്ളിയാഴ്ചരാത്രിനടന്ന സംഭവം തിരക്കഥയിലെന്നപോലെ വിവരിച്ചു. ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.ബി. ദേവസ്യ, അന്വേഷണ ഉദ്യോഗസ്ഥനായ പുതുനഗരം ഇന്‍സ്‌പെക്ടര്‍ എ. ആദംഖാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ബുധനാഴ്ച രാവിലെ 10.30ഓടെയാണ് പോലീസ് പ്രതിയുമായി ചോറക്കോട്ടെ സ്ഥലത്ത് എത്തിയത്. ഡിവൈ.എസ്.പി.യുടെ നിര്‍ദേശപ്രകാരം സംഭവസ്ഥലത്ത് രാത്രി ജാന്‍ബീവിയുമായി വഴക്കുനടക്കുന്നതിനുമുമ്പ് തിയേറ്ററില്‍പ്പോയി സിനിമകണ്ടതായും തുടര്‍ന്ന്, സമീപത്തെ മില്ലിനടുത്തുള്ള ഹോട്ടലില്‍നിന്ന് ഭക്ഷണംവാങ്ങി കഴിച്ചതായും പ്രതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന്, സംഭവസ്ഥലത്തിരുന്ന് മദ്യപിച്ചശേഷമാണ് കൃത്യം നിര്‍വഹിച്ചതെന്നും ബഷീര്‍ പോലീസിനോട് പറഞ്ഞു.

മറ്റുചിലരുമായി ജാന്‍ബീവിക്ക് ചില ബന്ധങ്ങളുണ്ടായിരുന്നെന്നും അതേച്ചൊല്ലിയുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കയായിരുന്നെന്നും ബഷീര്‍ പോലീസിനെ അറിയിച്ചു. കൃത്യംനടന്ന രീതിയും ഇയാള്‍ വിവരിച്ചു. കൊലയ്ക്കുപയോഗിച്ച കൊടുവാളും തെളിവെടുപ്പിനിടെ പ്രതി പോലീസിന് കാണിച്ചുകൊടുത്തു. തെളിവെടുപ്പ് അരമണിക്കൂറോളം നീണ്ടു.

Content Highlights: palakkad woman murder case her live in partner basheer arrested by police