പാലക്കാട്: കിഴക്കേഞ്ചരി കാരപ്പാടത്ത്  യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കാരാപ്പാടം സ്വദേശി ശ്രുതിയെ ഭര്‍ത്താവ് ശ്രീജിത്ത് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

ജൂണ്‍ 18-നാണ് ശ്രുതിയെ ശ്രീജിത്തിന്റെ വീട്ടില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഇതിനുപിന്നാലെയാണ് മരണം കൊലപാതകമാണെന്ന് ആരോപിച്ച് ശ്രുതിയുടെ കുടുംബം രംഗത്തെത്തിയത്. തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. 

ശ്രുതിയെ ഭര്‍ത്താവ് ശ്രീജിത്ത് മക്കളുടെ മുന്നിലിട്ട് തീകൊളുത്തിയതാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധം ശ്രുതി ചോദ്യംചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. 

ശ്രീജിത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വിവരം മരിക്കുന്നതിന് മുമ്പ് ശ്രുതി വെളിപ്പെടുത്തിയിരുന്നതായി നേരത്തെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. മണ്ണെണ്ണ ഒഴിച്ചാണ് ശ്രീജിത്ത് തീകൊളുത്തിയതെന്നും പേരക്കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭയപ്പെടുത്തിയിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ശ്രുതിയെ തീകൊളുത്തിയതിനിടെ ശ്രീജിത്തിന്റെ കൈകള്‍ക്കും പൊള്ളലേറ്റിരുന്നു. മാത്രമല്ല, അയല്‍വാസികള്‍ ഓടിയെത്തിയതിന് ശേഷമാണ് ശ്രീജിത്ത് ശ്രുതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതെന്നതും സംശയത്തിനിടയാക്കി. 12 വര്‍ഷം മുമ്പാണ് ശ്രുതിയും ശ്രീജിത്തും വിവാഹിതരായത്.  

Content Highlights: palakkad sruthy death police says it was a murder husband arrested