പാലക്കാട്: കവര്‍ച്ചക്കെത്തുന്ന മോഷണസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യം പാലക്കാട് ജില്ലയിലേതല്ലെന്ന് പോലീസ്. അതിര്‍ത്തിപ്രദേശങ്ങളില്‍ മോഷണസംഘം കവര്‍ച്ചക്കെത്തുന്നതായുള്ള വീഡിയോ തിങ്കളാഴ്ച ചില മാധ്യമങ്ങളില്‍ വന്നിരുന്നു.

മൂന്ന് പേര്‍ മാരകായുധങ്ങളുമായി മോഷണത്തിനെത്തിയതായുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ വീഡിയോ പാലക്കാട് ജില്ലയിലേതോ കേരളത്തിലെ മറ്റ് ഭാഗങ്ങളില്‍നിന്നുള്ളതോ അല്ലെന്ന് വ്യക്തമായി. തമിഴ്‌നാട് ഭാഗത്തുനിന്നുള്ളതാണെന്നാണ് നിലവില്‍ ലഭിച്ച സൂചന.

വാളയാര്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ രാത്രികാല പരിശോധന നേരത്തേതന്നെ കര്‍ശനമാക്കിയിരുന്നു.
വീഡിയോയിലുള്ള കവര്‍ച്ചാസംഘം ജില്ലയിലെത്തിയതായി യാതൊരു സൂചനയുമില്ലെന്നും അതിര്‍ത്തികളില്‍ കനത്ത സുരക്ഷാസംവിധാനമാണുള്ളതെന്നും പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാര്‍ പറഞ്ഞു.

അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ സുരക്ഷ ശക്തം

കസബ, വാളയാര്‍ പോലീസ് സ്റ്റേഷനുകളിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ എല്ലാ ദിവസവും രാത്രിയില്‍ മൂന്ന് ടീമുകളിലായി ആറ് പോലീസുകാര്‍ ബൈക്കുകളില്‍ പരിശോധന നടത്താറുണ്ട്. വാളയാര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രണ്ട് ടീമും കസബ പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു ടീമുമാണുള്ളത്. ഇതോടൊപ്പം 10-12 പേരടങ്ങുന്ന ഷാഡോ പോലീസും അതിര്‍ത്തികളില്‍ രാത്രിപരിശോധന നടത്തും. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് സംശയാസ്പദ സാഹചര്യത്തില്‍ എത്തുവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ജനമൈത്രി പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പി. ശശികുമാര്‍ പറഞ്ഞു.