മുതലമട: അഗ്‌നിനാളങ്ങള്‍ വിഴുങ്ങുമ്പോള്‍ ഒന്ന് ഒച്ചവെയ്ക്കാനോ വാവിട്ട് കരയാനോ കഴിയാതെ സുമയെന്ന ഇരുപത്തിയഞ്ചുകാരി മരണത്തിന് കീഴടങ്ങിയപ്പോള്‍, കുടുംബത്തിന്റെ വലിയ സ്വപ്നമാണ് പൊലിഞ്ഞത്. കുറ്റിപ്പാടം മണലിയില്‍ കൃഷ്ണന്റയും രുക്മിണിയുടെയും മകള്‍ സുമയുടെ വിവാഹം ഓഗസ്റ്റ് 22-ന് നടത്താന്‍ നിശ്ചയിച്ചിരിക്കയായിരുന്നു. അതിനിടെയാണ് ദുരന്തം അഗ്‌നിയുടെ രൂപത്തിലെത്തിയത്. ചിങ്ങമാസം ആറിന് നവവധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കേണ്ട മകള്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും അച്ഛനമ്മമാര്‍ക്ക് കഴിയുന്നില്ല.

സുധ, സുമ എന്നീ ഇരട്ടസഹോദരിമാരില്‍ സുമയ്ക്ക് ജന്മനാ സംസാരശേഷി നഷ്ടപ്പെട്ടപ്പോള്‍ കുടുംബം വലിയ വേദനയിലായിരുന്നു. എന്നാല്‍, തന്റെ പരിമിതികളെ മറികടന്ന് സുമ യാക്കര ശ്രവണസംസാര സ്‌കൂളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിരുദം നേടിയപ്പോള്‍ ആ അച്ഛനമ്മമാര്‍ വേദനകള്‍ മറന്നു. സഹോദരി സുധയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. അല്പം വൈകിയാണെങ്കിലും സുമയുടെ വിവാഹവും നടത്താന്‍ കഴിയുന്നതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം.

Readmore...സംസാരശേഷിയില്ലാത്ത യുവതിയെ അടച്ചിട്ട മുറിക്കുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി ......

തന്റെ കൂടപ്പിറപ്പിന് എന്താണ് പറ്റിയതെന്ന് അറിയാതെയാണ് സുധ ഭര്‍തൃവീട്ടില്‍നിന്ന് തിങ്കളാഴ്ച കുറ്റിപ്പാടത്തെത്തിയത്. തന്റെ വീടിനുമുന്നില്‍ ആംബുലന്‍സ് കണ്ടപ്പോള്‍ നടത്തത്തിന് വേഗം കൂട്ടി.

ആംബുലന്‍സില്‍ കൂടപ്പിറപ്പിന്റെ കത്തിക്കരിഞ്ഞ ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകാനായി ഒരു കെട്ടാക്കി വെച്ചത് കണ്ടപ്പോള്‍ അലമുറയിട്ടു ''എന്റെ മൊതലേ, എങ്ങനെ ഇത് കാണാന്‍ കഴിയും...'' പിന്നെയും എന്തൊക്കെയോ പറഞ്ഞ് തളര്‍ന്നുവീണു.

തൊട്ടടുത്ത വീട്ടില്‍ അമ്മ രുക്മിണിയും അച്ഛന്‍ കൃഷ്ണനുമുണ്ട്. കൃഷ്ണന്‍ നിസ്സംഗനായി നില്‍ക്കുന്‌പോള്‍ രുക്മിണി വാവിട്ടുകരഞ്ഞു. ''ഒരു കുറവും വരുത്താതെ നന്നായി പഠിപ്പിച്ചില്ലേ, എനിക്ക് മോളെയൊന്ന് കാണാന്‍ പോലും കഴിഞ്ഞില്ലല്ലോ...''യെന്ന് സഹോദരന്‍ സുധീഷും നടുക്കത്തില്‍നിന്ന് ഉണര്‍ന്നിട്ടില്ല. ''രാവിലെ ഞാന്‍ പണിക്ക് പോകുമ്പോള്‍ ചിരിയോടെ യാത്രയാക്കിയതാണ്. ഇപ്പോള്‍...''-സുധീഷിന്റെ വാക്കുകള്‍ മുറിഞ്ഞു.