പാലക്കാട്: കറുകപുത്തൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി അവസാനം ഉപയോഗിച്ചിരുന്നത് പട്ടാമ്പിയിലെ ഹോട്ടലുടമയുടെ പേരിലുള്ള സിംകാര്‍ഡെന്ന് കണ്ടെത്തല്‍. ലഹരിപ്പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമ വിനോദിന്റെ പേരിലുള്ള സിം കാര്‍ഡാണ് പീഡനത്തിനിരയായ പെണ്‍കുട്ടി നേരത്തെ ഉപയോഗിച്ചിരുന്നത്. ഈ സിം കാര്‍ഡ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടെത്തിയതോടെ വിനോദ് ഇതേനമ്പറില്‍ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. 

പീഡനക്കേസിലെ മൂന്നാം പ്രതിയായ അഭിലാഷിനൊപ്പം പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമായത്. ഇതോടെ വിനോദ് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വാങ്ങുകയായിരുന്നു. എന്നാല്‍, ഹോട്ടലില്‍ ഇടയ്ക്കിടെ മുറിയെടുക്കുന്ന അഭിലാഷിന് താത്കാലികമായി ഉപയോഗിക്കാനാണ് താന്‍ സിം കാര്‍ഡ് നല്‍കിയതെന്നാണ് വിനോദിന്റെ പ്രതികരണം. സിം കാര്‍ഡ് തിരികെ ലഭിക്കാതിരുന്നതിനാലാണ് ഡ്യൂപ്ലിക്കേറ്റ് സിം വാങ്ങിയതെന്നും ഇയാള്‍ പറയുന്നു. 

അതിനിടെ, പട്ടാമ്പിയിലെ ഹോട്ടലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുടെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നു. യുവാക്കള്‍ ഹോട്ടല്‍ മുറിയില്‍ സംഘം ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഡിജെ മുസ്തഫ, മുനീര്‍, ശ്രീജിത്ത്, പ്രണവ്, സുഹൈല്‍, അമീര്‍, അക്ബര്‍, സുല്‍ത്താന്‍, ബാബു തുടങ്ങിയ ഒമ്പത് പേര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിലൊരാള്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനാണെന്നാണ് സൂചന. പെണ്‍കുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസില്‍ ഇതുവരെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരിലേക്കും പട്ടാമ്പി,തൃത്താല എന്നിവിടങ്ങളിലെ ലഹരിസംഘങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. 

Content Highlights: palakkad karukaputhur rape case more details reveals