പാലക്കാട്: കറുകപുത്തൂർ പീഡനക്കേസിലെ പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധമെന്ന് റിപ്പോർട്ട്. നേരത്തെ പോലീസ് പിടികൂടി വിട്ടയച്ച മയക്കുമരുന്ന് സംഘാംഗം പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയനേതാവിന്റെ മകനാണെന്നാണ് വിവരം. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വനിതാ സംഘടനയിലെ നേതാവിന്റെ മകനാണ് ഇയാൾ. നേരത്തെ പട്ടാമ്പിയിലെ ലോഡ്ജിൽവെച്ച് പീഡനത്തിനിരയായ പെൺകുട്ടിക്കൊപ്പം ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ രാഷ്ട്രീയനേതാവിന്റെ മകനും ഉൾപ്പെട്ടിരുന്നു. ഇവരെ പിന്നീട് പോലീസ് വിട്ടയക്കുകയും ചെയ്തു.

അതേസമയം, കറുകപുത്തൂർ പീഡനത്തിൽ പരാതി ഉയർന്നതോടെ പോലീസ് ഇയാളുടെ വീട്ടിലടക്കം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. എന്നാൽ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളുടെ വീട്ടിൽനിന്ന് മയക്കുമരുന്നോ മറ്റോ കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് നൽകുന്നവിവരം.

അതിനിടെ, കറുകപുത്തൂർ പീഡനക്കേസിലെ മൂന്നാം പ്രതിയായ തൃത്താല മേഴത്തൂർ സ്വദേശി അഭിലാഷിനെതിരേ ഇയാളുടെ സുഹൃത്ത് വെളിപ്പെടുത്തലുമായി രംഗത്തെത്തി. അഭിലാഷിന് നേരത്തെ കഞ്ചാവ് എത്തിച്ചു നൽകിയിരുന്നയാളാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അഭിലാഷിന് പിന്നിൽ വൻ ലഹരിമാഫിയയുണ്ടെന്നും കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കും അടക്കം ഇയാൾ ലഹരിമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞു.

തമിഴ്നാട്ടിൽ പഠിക്കുന്ന സമയത്താണ് അഭിലാഷുമായുള്ള ബന്ധം ആരംഭിക്കുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് സൗഹൃദം തുടങ്ങിയത്. തുടർന്ന് അഭിലാഷിന് നിരവധി തവണ കഞ്ചാവ് എത്തിച്ചു നൽകി. ഒരിക്കൽ താൻ പോലീസിന്റെ പിടിയിലായതോടെ താനുമായുള്ള ബന്ധം അഭിലാഷ് ഉപേക്ഷിച്ചെന്നും ഇയാൾ പറഞ്ഞു.

പട്ടാമ്പി ശങ്കരമംഗലം ഭാഗത്തെ ഒരു പെൺകുട്ടിയുമായി അഭിലാഷിന് ബന്ധമുണ്ട്. പുറത്ത് പഠിച്ചിരുന്ന ആ പെൺകുട്ടിയുടെ വീട്ടിലാണ് കഞ്ചാവടക്കം സൂക്ഷിച്ചിരുന്നത്. അഭിലാഷ് കുറച്ചുകാലം ആ വീട്ടിൽ താമസിക്കുകയും ചെയ്തിരുന്നു. പലപ്പോഴും കഞ്ചാവ് എത്തിച്ചു നൽകുമ്പോൾ ആ പെൺകുട്ടിയോടൊപ്പമാണ് അഭിലാഷ് വന്നിരുന്നത്. ഒരിക്കൽ അഭിലാഷ് എറണാകുളത്ത് കഞ്ചാവ് കേസിൽപ്പെട്ടു. എന്നാൽ ഉന്നതസ്വാധീനം ഉപയോഗിച്ച് അത് ഒതുക്കി തീർത്തെന്നും സുഹൃത്ത് പറഞ്ഞു.

Content Highlights:palakkad karukaputhurrape case accused have political connections report