തിരുമിറ്റക്കോട്(പാലക്കാട്): കറുകപുത്തൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി ചാലിശ്ശേരി പോലീസ് പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പ്രതികള്‍ ഒളിവിലാണ്.

കേസിലുള്‍പ്പെട്ട മൂന്നുപേരെ വ്യാഴാഴ്ച ചാലിശ്ശേരി പോലീസ് പിടികൂടിയിരുന്നു. കേസിലെ ഒന്നാംപ്രതി കറുകപുത്തൂര്‍ ചാഴിയാട്ടിരി കൊച്ചുപറമ്പില്‍ മുഹമ്മദ് (ഉണ്ണി-51), രണ്ടാംപ്രതി തിരുമിറ്റക്കോട് കറുകപുത്തൂര്‍ അത്താണിപ്പറമ്പില്‍ നൗഫല്‍ (38), മൂന്നാംപ്രതി തൃത്താല മേഴത്തൂര്‍ പുല്ലാണിപ്പറമ്പില്‍ അഭിലാഷ് (26) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ മുഹമ്മദിന്റെ അറസ്റ്റ് പോലീസ് വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ്‌ചെയ്തു. റിമാന്‍ഡിലായ പ്രതികളെ ഒറ്റപ്പാലം സബ്ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 

കേസന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് കസ്റ്റഡി അപേക്ഷ വെള്ളിയാഴ്ച കോടതിയില്‍ നല്‍കുന്നതിനായി തീരുമാനിച്ചിരുന്നു. എന്നാല്‍, കേസിലെ നടപടിക്രമങ്ങള്‍ വൈകിയതും ഒന്നാംപ്രതിയുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തേണ്ടതിനാലും കസ്റ്റഡി അപേക്ഷ നല്‍കാനായില്ല. മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ കിട്ടുന്നതിനായി തിങ്കളാഴ്ച പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. തുടര്‍ന്ന്, പ്രതികളുമായുള്ള തെളിവെടുപ്പ് നടത്തുമെന്നും പോലീസ് പറഞ്ഞു.

പട്ടാമ്പി നഗരത്തോടുചേര്‍ന്ന ലോഡ്ജിലടക്കം കുട്ടിയെ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. ഇവിടങ്ങളിലൊക്കെ തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.

ലഹരിമരുന്നുസംഘത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. വരുംദിവസങ്ങളില്‍ കേസിലുള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ വലയിലാവുമെന്നും പോലീസ് സൂചന നല്‍കുന്നുണ്ട്. മൂന്നാംപ്രതി അഭിലാഷിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കമുണ്ട്.

ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ച സമയത്ത് പ്രതിക്കൊപ്പം ഉണ്ടായിരുന്നവരിലേക്കും അന്വേഷണം നീണ്ടേക്കും. ഇതിനായി സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളും ഫോണ്‍ കോളുകളുമടക്കം പരിശോധനയ്ക്ക് വിധേയമാക്കും.

സുഹൃത്തുക്കളായ രണ്ടുപെണ്‍കുട്ടികള്‍കൂടി മയക്കുമരുന്നുസംഘത്തിന്റെ വലയില്‍ അകപ്പെട്ടിട്ടുള്ളതായി പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, മയക്കുമരുന്നുസംഘത്തിന്റെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ അകപ്പെട്ടതായാണ് പോലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. 

പരാതിക്കാരിയായ പെണ്‍കുട്ടിമാത്രം മൂന്നുവര്‍ഷം ഈസംഘത്തിന്റെ വലയിലായിരുന്നു. സംഭവത്തില്‍ വന്‍ ലഹരിമരുന്ന് റാക്കറ്റുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. സംഭവത്തിനുപിറകില്‍ പട്ടാമ്പി, തൃത്താല മേഖല കേന്ദ്രീകരിച്ചുള്ള വന്‍ ലഹരിമരുന്ന്-സെക്‌സ് റാക്കറ്റുള്ളതായാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. പി.എന്‍. സുരേഷിന്റെ മേല്‍നോട്ടത്തില്‍ ചാലിശ്ശേരി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ കെ.സി. വിനുവിനാണ് അന്വേഷണച്ചുമതല.

പെണ്‍കുട്ടിക്ക് വിദ്യാഭ്യാസത്തിനും സുരക്ഷയ്ക്കും നടപടി

തിരുമിറ്റക്കോട്: കറുകപുത്തൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസത്തിനും സുരക്ഷയ്ക്കുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തിരുമിറ്റക്കോട് പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് ഭരണസമതി അംഗങ്ങള്‍ കുട്ടിയുടെവീട് സന്ദര്‍ശനം നടത്തിയപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സംഭവത്തിനുശേഷം മാനസികമായി വിഷമങ്ങള്‍ നേരിടുന്ന കുട്ടിക്ക് പഞ്ചായത്ത് കൗണ്‍സലിങ് ഏര്‍പ്പെടുത്തും. കൂടാതെ കുട്ടിയുടെ തുടര്‍പഠനത്തിനായി വേണ്ട സഹായങ്ങളും പഞ്ചായത്ത് നല്‍കുമെന്നും തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റെ് ടി. സുഹറ അറിയിച്ചു.

പഠനത്തില്‍ മിടുക്കിയായ കുട്ടിക്ക് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 73 ശതമാനത്തോളം മാര്‍ക്കുണ്ട്. പെണ്‍കുട്ടി വിദ്യാഭ്യാസം തുടരുന്നതിനായുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അതിനായുള്ള സഹായം നല്‍കുകയും ചെയ്യും. കുട്ടിയുടെ അമ്മയുടെ അനുവാദത്തോടെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് പഠിക്കാനായി ഹോസ്റ്റലിലേക്കോ മറ്റ് സുരക്ഷാകേന്ദ്രങ്ങളിലേക്കോ മാറ്റിപ്പാര്‍പ്പിക്കും. ഇതിനായി വനിതാ-ശിശുസംരക്ഷണ വകുപ്പിന്റെ സഹായം തേടുമെന്നും തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്ക് നിയമസഹായം ആവശ്യമായിവരികയാണെങ്കില്‍ അതും ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, വൈസ് പ്രസിഡന്റ് സി.എം. മനോമോഹനന്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ സുരേഷ് ബാബു, പഞ്ചായത്തംഗങ്ങളായ പ്രേമ, ബീന, ഗ്രീഷ്മ, മഹിളാ അസോസിയേഷന്‍ സെക്രട്ടറി താരാ രാധാകൃഷ്ണന്‍ എന്നിവരാണ് കുട്ടിയുടെവീട്ടില്‍ സന്ദര്‍ശനം നടത്തിയത്.