പാലക്കാട്: നഗരത്തിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവില്‍ ആരുമറിയാതെ നടന്ന അരും കൊലയുടെ ഞെട്ടിക്കുന്ന കഥകേട്ടാണ് ഞായറാഴ്ച പുതുപ്പള്ളിത്തെരുവ് ഉണര്‍ന്നത്. അമ്മയുടെ കാടുകയറിയ ചിന്തകള്‍ ജീവന്‍ നഷ്ടപ്പെടുത്തിയ കുഞ്ഞ് ആമിലിന്റെ ഓര്‍മകളില്‍ വിങ്ങുകയാണ് പുതുപ്പള്ളിത്തെരുവും പരിസരവും.

പൂളക്കാട് ഭാഗത്ത് റോഡിന് ഇരുവശത്തുമായി ഇസ്മയിലിന്റെ വീടിന് അടുത്തടുത്തായി നിരവധി വീടുകളുണ്ട്. ഇത്രയധികം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായിട്ടും ആരുമറിയാതെയാണ് ആമില്‍ ഇഹ്‌സാന്‍ കൊല്ലപ്പെട്ടത്.

കൊലപാതക വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പൂളക്കാട് വീടിന് മുമ്പില്‍ രാവിലെ മുതല്‍ തടിച്ചുകൂടിയത്. ദാരുണദൃശ്യം കാണാനാവാതെ ഏറെപ്പേരും വിതുമ്പി. ഡ്രൈവര്‍ ഇസ്മയിലിന്റെ കുടുംബത്തിലുണ്ടായ ദുരന്തത്തിന് കാരണമറിയാതെ ബന്ധുക്കളും നാട്ടുകാരും പകച്ചുനിന്നു.

മക്കളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധചെലുത്തിയിരുന്ന ഷഹീദ ഇങ്ങനെയൊന്ന് ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. കോവിഡിന് മുമ്പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് കുട്ടികളെ കൂട്ടിക്കൊണ്ടുവന്നിരുന്ന ഓട്ടോ ഡ്രൈവറെ പലവട്ടം വിളിച്ച് ഓര്‍മപ്പെടുത്തുന്ന ഷഹീദയെക്കുറിച്ചും നാട്ടുകാര്‍ക്ക് പറയാനുണ്ട്.

സൈക്കിള്‍ ചവിട്ടാന്‍ ഇനി ആമിലില്ല

ഇസ്മയിലിന്റെ വീടിന് മുമ്പില്‍ ചാരിവെച്ചിരുന്ന ആമിലിന്റെ കുഞ്ഞു സൈക്കിള്‍ കൊലപാതക വാര്‍ത്തകേട്ട് ഓടിയെത്തിയവര്‍ക്ക് നീറുന്ന കാഴ്ചയായി. വൈകുന്നേരങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിയിടങ്ങളില്‍ ആ സൈക്കിള്‍ ചവിട്ടിയാണ് അവന്‍ എത്തിയിരുന്നത്. ഇനി അവന്‍ കളിക്കാനെത്തില്ലെന്ന ഓര്‍മയില്‍ കൂട്ടുകാരും വിതുമ്പി.

Content Highlights: palakkad human sacrifice murder case