പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ഇനിയുള്ള കാലം അനീഷിന്റെ കുടുംബത്തോടൊപ്പം കഴിയുമെന്നും കേസിൽ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും ഹരിത പറഞ്ഞു. അനീഷിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഹരിത ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ടത്.
'ഞാൻ ഇനി ഇവിടെത്തന്നെ ഇരിക്കും. ഇവിടെയിരുന്ന് പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാൻ നോക്കും. അവർക്ക് സർക്കാർ കടുത്ത ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയല്ല, അത് കൊടുക്കണം'- ഹരിത പറഞ്ഞു.
ഹരിതയെ മകളെ പോലെ സംരക്ഷിക്കാനാണ് തങ്ങളുടെ ആഗ്രഹമെന്ന് അനീഷിന്റെ പിതാവ് അറുമുഖനും വ്യക്തമാക്കി. അവളെ തുടർന്നും പഠിപ്പിക്കാനാണ് ആഗ്രഹം. എന്നാൽ അതിനുള്ള കഴിവ് തങ്ങൾക്കില്ല. അതിനാൽ ഹരിതയുടെ തുടർപഠനത്തിന് സർക്കാർ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഹരിതയുടെ മുത്തച്ഛൻ കുമരേശ്വൻപിള്ളയെ കൂടി പ്രതി ചേർക്കണമെന്നും അറുമുഖൻ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയാണ് തേങ്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷിനെ ഭാര്യാപിതാവായ പ്രഭുകുമാർ, ഭാര്യയുടെ അമ്മാവൻ സുരേഷ് എന്നിവർ ചേർന്ന് കുത്തിക്കൊന്നത്. സംഭവത്തിൽ ഇരുവരെയും പോലീസ് പിടികൂടിയിരുന്നു. കേസിൽ കഴിഞ്ഞദിവസം മുതൽ ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Content Highlights:palakkad honour killing victim aneesh wife haritha says about her future life