പാലക്കാട്: തേങ്കുറിശ്ശിയില്‍ ദുരഭിമാനക്കൊലയ്ക്കിരയായ അനീഷിന്റെ മരണകാരണം രക്തസ്രാവമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാലുകളിലെ ആഴത്തിലുള്ള മുറിവുകള്‍ രക്തം വാര്‍ന്നൊഴുകാന്‍ കാരണമായെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ സംസ്‌കരിച്ചു.
ആശുപത്രിയില്‍നിന്ന് മൃതദേഹം തേങ്കുറിശ്ശിയിലെ വീട്ടിലെത്തിച്ചപ്പോള്‍ വൈകാരിക രംഗങ്ങള്‍ക്കാണ് നാട്ടുകാര്‍ സാക്ഷികളായത്. മൂന്ന് മാസം മാത്രം നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ യാത്രയായ പ്രിയതമനെ കണ്ട് ഭാര്യ ഹരിത പൊട്ടിക്കരഞ്ഞു. ഇതോടെ കണ്ടുനിന്നവരുടെയും കണ്ണുകള്‍നിറഞ്ഞു. കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴികള്‍ക്കൊടുവിലാണ് അനീഷിന്റെ മൃതദേഹം വീട്ടില്‍നിന്നും സംസ്‌കാരത്തിനായി കൊണ്ടുപോയത്.
അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രഭുകുമാറിനെ കോയമ്പത്തൂരില്‍നിന്നാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.
വെള്ളിയാഴ്ച രാത്രിയാണ് ഹരിതയുടെ പിതാവ് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരന്‍ അരുണിനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു അനീഷ്. ഇരുവരും ബൈക്ക് നിര്‍ത്തി കടയില്‍ കയറിയപ്പോള്‍ മറ്റൊരു ബൈക്കിലെത്തിയ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അരുണിനെയും ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. വെട്ടേറ്റ അനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Content Highlights: palakkad honour killing postmortem report reveals the reason for death