പാലക്കാട്: തേങ്കുറിശ്ശിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരേ കുടുംബത്തിന്റെ ആരോപണം. പ്രതികള്‍ നേരത്തെ ഭീഷണിപ്പെടുത്തിയപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായും എന്നാല്‍ നടപടിയെടുക്കാതെ പോലീസ് ഒഴിഞ്ഞുമാറിയെന്നും കൊല്ലപ്പെട്ട അനീഷിന്റെ പിതാവ് അറുമുഖന്‍ ആരോപിച്ചു. 

അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷ് ഡിസംബര്‍ ഏഴാം തീയതി വീട്ടിലെത്തിയിരുന്നു. ഹരിതയെ ഭീഷണിപ്പെടുത്തിയ ഇയാളെ വീട്ടില്‍നിന്ന് ഇറക്കിവിടുകയാണ് ചെയ്തത്. എന്നാല്‍ തന്റെ ഇളയ മകന്റെ ഫോണ്‍ അയാള്‍ പിടിച്ചുവാങ്ങിക്കൊണ്ടുപോയി. കുട്ടികള്‍ പഠിക്കാന്‍ ഉപയോഗിക്കുന്ന ഫോണ്‍ ആണെന്ന് പറഞ്ഞിട്ടും കേട്ടില്ല. പിറ്റേദിവസം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തില്ല. തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്ന് പറഞ്ഞ് പോലീസുകാര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും അറുമുഖന്‍ പറഞ്ഞു. അനീഷിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്നാണ് കുടുംബത്തിന്റെയും ബന്ധുക്കളുടെയും ആരോപണം.

അതേസമയം, സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു ആലത്തൂര്‍ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ പ്രതികരണം. അനീഷിന്റേയും ഹരിതയുടേയും കുടുംബങ്ങള്‍ തമ്മില്‍ ജാതീയമായും സാമ്പത്തികമായും ഏറെ വ്യത്യാസങ്ങളുണ്ടായിരുന്നു. അനീഷിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണോ എന്നത് പ്രതികളുടെ അറസ്റ്റിന് ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. തേങ്കുറിശ്ശിയിലെ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പാലക്കാട് എസ്.പി. സുജിത് ദാസും പ്രതികരിച്ചു. പോലീസിന് വീഴ്ച പറ്റിയോ എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ ഇരുവരുടെയും വിവാഹത്തിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഇരുകുടുംബങ്ങളെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയെന്നും വ്യവസ്ഥകള്‍ അംഗീകരിച്ചാണ് ഇവര്‍ പോയതെന്നും പോലീസ് പറയുന്നു. മൂന്ന് മാസം മുമ്പാണ് അനീഷും ഹരിതയും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിന് ശേഷവും ഹരിതയുടെ പിതാവിന്റെയും ബന്ധുക്കളുടെയും ഭീഷണി തുടര്‍ന്നു. ഇതിനിടെ, അനീഷിന്റെ വീട്ടിലെത്തി ഹരിതയുടെ ആധാര്‍ കാര്‍ഡും മറ്റുരേഖകളും പിതാവ് പ്രഭുകുമാര്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. 

വെള്ളിയാഴ്ച രാത്രിയാണ് ഹരിതയുടെ പിതാവ് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരന്‍ അരുണിനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു അനീഷ്. ഇരുവരും ബൈക്ക് നിര്‍ത്തി കടയില്‍ കയറിയപ്പോള്‍ മറ്റൊരു ബൈക്കിലെത്തിയ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. തടയാന്‍ശ്രമിച്ച അരുണിനെയും ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. വെട്ടേറ്റ അനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളായ പ്രഭുകുമാറിനെയും സുരേഷിനെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരില്‍നിന്നാണ് പ്രഭുകുമാറിനെ പിടികൂടിയത്. ശനിയാഴ്ച വൈകിട്ടോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് നല്‍കുന്നവിവരം. 

Content Highlights: palakkad honour killing family allegation against police