ആലത്തൂർ: തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ മാനാങ്കുളമ്പിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉന്നതതല യോഗംചേർന്ന് ഇതുവരെയുള്ള പോലീസ് അന്വേഷണവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണവിഷയങ്ങളും ചർച്ചചെയ്തു.
ക്രൈംബ്രാഞ്ചിന്റെ മുഖ്യദൗത്യം മൊഴിയെടുക്കലും കേസ് രേഖപ്പെടുത്തലുമായിരിക്കും. അനീഷിന്റെ അച്ഛനമ്മമാർ, സഹോദരങ്ങൾ, ഭാര്യ ഹരിത, ദൃക്സാക്ഷികൾ തുടങ്ങിയവരുടെ മൊഴിയാണ് രേഖപ്പെടുത്തേണ്ടത്. കൊലപാതകംനടന്ന മാനാങ്കുളമ്പ് എ.ജെ.ബി. സ്കൂളിന് സമീപത്തെ കടകളിലുണ്ടായിരുന്ന ഒട്ടേറെപ്പേർ സംഭവത്തിന് ദൃക്സാക്ഷികളാണ്. അനീഷിനൊപ്പം ഉണ്ടായിരുന്ന സഹോദരൻ അരുണിന്റെ മൊഴികൂടാതെ കേസന്വേഷണത്തിൽ ഇവരിൽ ചിലരുടെ മൊഴികൾ നിർണായകമാകും.
പ്രതികളുടെ അറസ്റ്റും തെളിവെടുപ്പും കുഴൽമന്ദം പോലീസ് പൂർത്തിയാക്കിയിരുന്നു. കോടതിയിൽ വിചാരണസമയത്ത് കൃത്യമായി കേസ് അവതരിപ്പിക്കുന്നതിനായി, പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതുവരെ പൂർത്തിയാക്കിയ കാര്യങ്ങൾ രേഖയാക്കണം. ഇതും ക്രൈബ്രാഞ്ചാണ് ചെയ്യുക. കോടതി റിമാൻഡ് ചെയ്ത പ്രതികളെ ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന് ഈയാഴ്ച അപേക്ഷ നൽകിയേക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സി. സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതുസംബന്ധിച്ച മുഴുവൻ ഫയലുകളും അടുത്തദിവസം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന അനീഷിന്റെ ബന്ധുക്കളുടെ പരാതിയും അന്വേഷിക്കും. ഇപ്പോൾ അറസ്റ്റിലായ പ്രഭുകുമാർ, സുരേഷ് എന്നിവരെക്കൂടാതെ ഹരിതയുടെ മുത്തച്ഛനടക്കമുള്ള ബന്ധുക്കൾക്ക് മനസ്സറിവും ഗൂഢാലോചനയിൽ പങ്കും ഉണ്ടെന്നാണ് ആരോപണം. അനീഷിന്റെയും ഹരിതയുടെയും പ്രണയവിവാഹത്തിനുശേഷം വൈരാഗ്യത്തിലേക്കും കൊലപാതകത്തിലേക്കും വഴിതെളിക്കുംവിധം ഉണ്ടായ പ്രകോപനങ്ങൾ തെളിയിക്കേണ്ടതുണ്ട്.
അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
തേങ്കുറുശ്ശിയിലെ അനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ പോലീസ് മേധാവിയുടെ ചുമതലവഹിക്കുന്ന എസ്. സുജിത്ദാസ് നിർദേശിച്ചു. തിങ്കളാഴ്ചചേർന്ന യോഗത്തിലാണ് ഈ നിർദേശം.
കോട്ടയത്തെ കെവിന്റെ കൊലപാതകത്തിനുശേഷം ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് ഡി.ജി.പി. പുറപ്പെടുവിച്ച നിർദേശങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. അനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇത്തരം സാഹചര്യങ്ങളുണ്ടോയെന്ന് പരിശോധിക്കും. കേസ്‌ഫയൽ മുഴുവനായി പഠിച്ചതിനുശേഷമേ കൂടുതൽ നിഗമനങ്ങളിലെത്താനാവൂ എന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി. കെ. സുന്ദരൻ പറഞ്ഞു. ഇരുകുടുംബവും തമ്മിലുള്ള സാമ്പത്തികവ്യത്യാസം പ്രധാന പ്രശ്നമായിരുന്നെന്നാണ് വിലയിരുത്തൽ. ഡിവൈ.എസ്.പി.ക്കുപുറമേ എ.എസ്.െഎ.മാരായ ബാലകൃഷ്ണൻ, പ്രഭാകരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ്, കുഴൽമന്ദം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനിതകുമാരി എന്നിവരാണ് അംഗങ്ങൾ. കേസിൽ ആദ്യം നടപടിയെടുത്ത കുഴൽമന്ദം സ്റ്റേഷനിലെ മറ്റ് അംഗങ്ങളെയൊന്നും ഉൾപ്പെടുത്തിയിട്ടില്ല.
Content Highlights:palakkad honour killing crime branch investigation